Advertisment

'ദിവസവുമുള്ള അമിത വ്യായാമങ്ങൾ'; ഇത് ചില ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കും, മുന്നറിയിപ്പുമായി വിദഗ്ധര്‍

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

publive-image

Advertisment

വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പൊതുവേ നമ്മള്‍ വ്യായാമം ചെയ്യുന്നത്. എന്നാല്‍ വ്യായാമവും അമിതമായാല്‍ അപകടമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. മിതമായ രീതിയിലുള്ള വ്യായാമം ശരീരത്തെ അസുഖങ്ങളില്‍ നിന്ന് കാത്തുസൂക്ഷിക്കുമ്പോള്‍ അമിതമായ വ്യായാമം മാനസിക സമ്മര്‍ദ്ദവും നിരാശയും സൃഷ്ടിക്കുമെന്നാണ് കണ്ടെത്തല്‍.

എല്ലാ ദിവസവും വർക്ക്ഔട്ട് ചെയ്യുന്നതിൽ നിന്ന് ഒരു ഇടവേള എടുക്കേണ്ടത് അത്യാവശ്യമാണ്. വളരെ കഠിനവും വേഗത്തിലുള്ളതുമായ വ്യായാമങ്ങൾ ചെയ്യുന്നത് ചിലപ്പോൾ തിരിച്ചടിയായേക്കാം. നിങ്ങൾ വ്യായാമം ചെയ്യുമ്പോൾ പേശികൾ ക്ഷീണിക്കുകയും ചെയ്യുന്നു. നിങ്ങൾ വിശ്രമിക്കുമ്പോൾ മാത്രമേ അവ സുഖം പ്രാപിക്കൂ.

നിങ്ങളുടെ പേശികൾക്ക് സ്വയം നന്നാക്കാൻ സമയം അനുവദിക്കാത്തത് സ്ട്രെസ് ഫ്രാക്ചർ, ഷിൻ സ്പ്ലിന്റ്സ്, പ്ലാന്റാർ ഫാസിയൈറ്റിസ് തുടങ്ങിയ പരിക്കുകളുടെ അപകട സാധ്യത വർദ്ധിപ്പിക്കും. അമിതമായി വ്യായാമം ചെയ്യുമ്പോൾ ശരീരം കോർട്ടിസോൾ പോലുള്ള സമ്മർദ്ദ ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ തുടങ്ങുന്നു.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും യേല്‍ യൂണിവേഴ്‌സിറ്റിയുമാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്. 1.2 മില്ല്യണ്‍ ആളുകളെയാണ് ഇതിനായി പഠനസംഘം നിരീക്ഷിച്ചത്. ഇതില്‍ ആഴ്ചയില്‍ അഞ്ച് ദിവസത്തിലധികമോ, ദിവസത്തില്‍ മൂന്ന് മണിക്കൂറിലധികമോ വ്യായാമം ചെയ്യുന്നവരില്‍ മാനസിക സമ്മര്‍ദ്ദം കണ്ടെത്തിയെന്നാണ് ഇവര്‍ പറയുന്നത്.

മിതമായ വ്യായാമം മാത്രം ചെയ്യുന്നവരില്‍ മികച്ച മാറ്റങ്ങളാണ് കണ്ടെത്തിയതും. വീട്ടുജോലികള്‍, പൂന്തോട്ട പരിപാലനം- ഇതെല്ലാം നിരാശ മാറാന്‍ സഹായിക്കുന്ന ചെറുജോലികളാണെന്നും, അമിത വ്യായാമത്തില്‍ നിന്നുള്ള അപകടങ്ങളൊഴിവാക്കാന്‍ ഓരോരുത്തരും അവരവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കനുസരിച്ചുള്ള വ്യായാമങ്ങള്‍ കണ്ടെത്തുകയാണ് നല്ലതെന്നും പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു.

'നിരാശ ബാധിക്കുന്നവരുടെ എണ്ണം ലോകത്തില്‍ തന്നെ ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ആവശ്യമായ ബോധവത്കരണത്തിലൂടെ ഇതിനെതിരെ പോരാടേണ്ടതുണ്ട്'- യേല്‍ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി വിഭാഗം അസി.പ്രൊഫസര്‍ ഡോ. ആദം ചെക്രൗഡ് പറയുന്നു.

Advertisment