പപ്പായയിൽ പപ്പൈൻ എന്ന എൻസൈം അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തെ ആരോഗ്യകരമാക്കുകയും ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലെ നല്ല കൊളാജൻ ചുളിവുകൾ കുറയ്ക്കാനും ചർമ്മത്തിലെ ജലാംശം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ചർമ്മത്തിന് ദിവസവും പപ്പായ ഉപയോഗിക്കുന്നത് മിനുസമാർന്നതും തിളക്കമുള്ളതുമായ ചർമ്മം നേടാൻ സഹായിക്കും.
ഒന്ന്...
അരക്കപ്പ് പപ്പായ നന്നയി ഉടച്ചെടുത്ത ശേഷം ഇതിലേക്ക് രണ്ട് ടീസ്പൂൺ പാൽ ചേർത്ത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ശേഷം മുഖത്തും കഴുത്തിലും ഈ പായ്ക്ക് ഇടുക. ഏകദേശം 15 മിനിറ്റ് നേരം കാത്തിരുന്ന ശേഷം തുടർന്ന് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഇടാം.
ഈ പാക്ക് വരണ്ട ചർമ്മത്തിൽ ഇവ ഈർപ്പം നൽകിക്കൊണ്ട് ചർമ്മത്തെ മൃദുലവും മിനുസമുള്ളതുമാക്കി തീർക്കുന്നു. പാൽ ചർമ്മത്തിന് തിളക്കം നൽകുകയും കറുത്ത പാടുകളെ കുറയ്ക്കുകയും ചെയ്യുന്നു.
രണ്ട്...
അരക്കപ്പ് പഴുത്ത പപ്പായ ചെറുതായി അരിഞ്ഞ് ഏറ്റവും നന്നായി ഉടച്ചെടുക്കാം. ഒരു ടീസ്പൂൺ നാരങ്ങാ നീരും ഒരു ടീസ്പൂൺ ചന്ദനപൊടിയോ അല്ലെങ്കിൽ മുൾട്ടാണി മിട്ടിയോ കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഇത് മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. ഉണങ്ങാനായി 10-15 മിനിറ്റെങ്കിലും കാത്തിരിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
മൂന്ന്...
ഒരു പകുതി വെള്ളരിക്ക ചെറിയ കഷണങ്ങളായി അരിഞ്ഞടുത്ത് അതിലേയ്ക്ക് കാൽ കപ്പ് പപ്പായ കഷ്ണങ്ങളും കാൽക്കപ്പ് പഴുത്ത വാഴപ്പഴവും ചേർത്ത് മിക്സിയിലിട്ട് നന്നായി അരച്ച് നല്ല പേസ്റ്റാക്കി എടുക്കുക. ഇത് മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിച്ച് 15 മിനിറ്റ് കാത്തിരിക്കുക. ശേഷം ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ആഴ്ചയിൽ ഒരു തവണ ഈ പാക്ക്. മുഖം തിളക്കമുള്ളതാകാൻ ഈ പാക്ക് സഹായിക്കും.