റാപുന്‍സല്‍ സിന്‍ഡ്രോം എന്നത് ഒരു അപൂര്‍വ്വ രോഗാവസ്ഥയാണ്. മാനസിക നിലയെ ബാധിക്കുന്ന ഈ രോഗം ഗുരുതരമായാല്‍ മരണം വരെ സംഭവിക്കാവുന്നതാണ്. രോഗം ബാധിച്ചയാള്‍ സ്വന്തം തലമുടി തിന്നാന്‍ തുടങ്ങും. ഇതാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. റാപുന്‍സല്‍ രോഗം ബാധിച്ച് യു.കെയില്‍ 16കാരി മരണമടഞ്ഞതോടെയാണ് ഈ മാരകരോഗത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.
ധാരാളമായി തലമുടി കഴിച്ചത് കുട്ടിയുടെ ആരോഗ്യനില വഷളാക്കി. മുടി കഴിച്ചതിന്റെ ഫലമായി കുട്ടിയുടെ വയറ്റില്‍ അണുബാധയുണ്ടായി എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് പ്രധാന അവയവങ്ങളെയെല്ലാം അള്‍സര്‍ ബാധിക്കാന്‍ തുടങ്ങി. ഇതോടെ ആരോഗ്യസ്ഥിതി വഷളായ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഹെയര്‍ പുള്ളിംഗ് ഡിസോര്‍ഡര്‍ എന്നറിയപ്പെടുന്ന ഈ രോഗത്തിന് ട്രൈക്കോടില്ലോമാനിയ എന്നും പേരുണ്ട്. 12 വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളെയാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നതെന്ന് ന്യൂയോര്‍ക്കിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ വാറന്‍ ആല്‍പര്‍ട്ട് മെഡിക്കല്‍ സ്‌കൂളിലെ സൈക്യാട്രി, ഹ്യൂമന്‍ ബിഹേവിയര്‍ പ്രൊഫസറായ ഡോ. കാതറിന്‍ ഫിലിപ്സ് ഹെല്‍ത്ത്‌ലൈനിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
രോഗം ബാധിച്ചവരില്‍ 10 -20 ശതമാനം പേര്‍ സ്വന്തം തലമുടി കഴിക്കാന്‍ ആരംഭിക്കും. ഈ ആവസ്ഥയെ ട്രൈക്കോഫാഗിയ എന്നാണ് പറയുന്നത്. ക്രമേണ രോഗം ബാധിച്ചയാളുടെ ആരോഗ്യനില വഷളാകാന്‍ തുടങ്ങുകയും ചെയ്യും. ശരീരത്തില്‍ അള്‍സര്‍ ഉണ്ടാകുക, ചെറുകുടലിന്റെ പ്രവര്‍ത്തനം നിലയ്ക്കുക എന്നിവ റാപുന്‍സല്‍ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
നഖം കടിക്കുക, ചുണ്ടുകള്‍ കടിക്കുക എന്നിവ പോലെയുള്ള ചില ലക്ഷണങ്ങളാണ് റാപുന്‍സല്‍ രോഗം ബാധിക്കുന്നവര്‍ ആദ്യം പ്രകടിപ്പിക്കുക. എന്നാല്‍ ക്രമേണ ലക്ഷണങ്ങള്‍ വര്‍ധിച്ചു വരുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്താണ് ഈ രോഗാവസ്ഥയ്ക്കുള്ള പ്രധാന കാരണമെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗം ബാധിച്ചവര്‍ തലമുടി കഴിക്കുന്നത് പോലും പെട്ടെന്ന് ശ്രദ്ധയില്‍പ്പെട്ടെന്നുവരില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.