കണ്ണിനുള്ളിലെ സ്വാഭാവിക ലെന്‍സിന്റെ സുതാര്യതയെ ബാധിക്കുന്ന ഒരു അവസ്ഥയാണ് തിമിരം. നവജാത ശിശുക്കളില്‍ ജന്മനാ തന്നെ തിമിരം കാണാറുണ്ട്. ഇത് അമ്മയില്‍ നിന്നുണ്ടാകുന്ന അണുബാധകളുമായോ ഡൗണ്‍ സിന്‍ഡ്രോം പോലുള്ള മറ്റ് പ്രശ്‌നങ്ങളുമായോ ബന്ധപ്പെട്ടിരിക്കുന്നു. നല്ല ഗര്‍ഭകാല പരിചരണം, മാതൃ അണുബാധകളുടെ കുറവ്, വൃത്തിയുള്ള പ്രസവ രീതികള്‍ എന്നിവ കാരണം ഗ്രാമപ്രദേശങ്ങളിലെ തിമിര കേസുകളില്‍ കുറവ് വന്നിട്ടുണ്ട്.
നഗര പ്രദേശങ്ങളില്‍ സ്റ്റിറോയിഡിന്റെ അമിതോപയോഗം, ജനിതക വ്യതിയാനങ്ങള്‍, മെറ്റബോളിക് ഡിസോര്‍ഡര്‍, അകാല ജനനങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ കാരണം ഇത്തരം കേസുകള്‍ ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പോഷകാഹാരക്കുറവ്, മെറ്റബോളിക് പ്രശ്‌നങ്ങള്‍, ഗര്‍ഭകാല പ്രമേഹം, അമ്മയില്‍ ഉണ്ടാകുന്ന മരുന്നിന്റെ പാര്‍ശ്വ ഫലങ്ങള്‍ എന്നിവയും ഇതിന് കാരണമാകാം. കൂടാതെ, ഗര്‍ഭാവസ്ഥയിലിരിക്കുന്ന അമ്മയ്‌ക്കോ പ്രസവശേഷം കുട്ടിയ്‌ക്കോ സ്റ്റിറോയിഡുകള്‍ ഉപയോഗിക്കുന്നത് തിമിരത്തിന് കാരണമാകും.
കുട്ടിക്കാലത്തെ തിമിരത്തിന്റെ ലക്ഷണങ്ങള്‍ ഓരോ കുട്ടിയിലും വ്യത്യസ്തമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചിലപ്പോള്‍ കുട്ടികളുടെ കണ്ണുകളുടെ കറുത്ത ഭാഗങ്ങളില്‍ ഒരു വെളുത്ത കുത്ത് കാണാം. ചില കുട്ടികളില്‍ കാഴ്ച മങ്ങുക, പ്രകാശത്തിന് ചുറ്റും വലയങ്ങള്‍ കാണുക, പ്രകാശത്തോടുള്ള സെന്‍സിറ്റിവിറ്റി എന്നിവ കാണാം. ഇത്തരം തിമിരത്തിന് ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കും.
തിമിരത്തിന് എത്രയും പെട്ടെന്ന് ചികിത്സ നല്‍കേണ്ടത് അനിവാര്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കാലതാമസം നേരിടുകയാണെങ്കില്‍ കുട്ടികളില്‍ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാം. കുട്ടിയ്ക്കുണ്ടാകുന്ന ലക്ഷണങ്ങള്‍, പ്രായം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ ചികിത്സയെ സ്വാധീനിക്കുമെന്നും ചില സന്ദര്‍ഭങ്ങളില്‍ കുട്ടിക്ക് കണ്ണടയോ കോണ്‍ടാക്റ്റ് ലെന്‍സുകളോ ആവശ്യമായി വരും.