സുഖകരമായ ഉറക്കം കഴിഞ്ഞ് എഴുന്നേൽക്കുന്ന ദിവസം ഉന്മേഷം തോന്നുന്നുവെന്ന് പറയുന്നവരുണ്ട്. ഉറക്കം കുറയുന്നത് മാനസിക-ശാരീരിക ആരോ​ഗ്യത്തെ വിപരീതമായി ബാധിക്കും. ഉറക്കക്കുറവ് നേരിടുന്നതിൽ ഭൂരിഭാ​ഗവും പിന്നീട് ​ഗത്യന്തരമില്ലാതെ മരുന്നുകളെ ആശ്രയിക്കാറാണ് പതിവ്. എന്നാൽ സുഖകരമായ ഉറക്കത്തിന് ഒരുപരിധിവരെ വ്യായാമം ​ഗുണം ചെയ്യുമെന്നാണ് പുതിയൊരു പഠനം പങ്കുവെക്കുന്നത്.
നോർവീജിയൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയാണ് പഠനത്തിനു പിന്നിൽ. മയോക്ലിനിക് പ്രൊസീഡിങ്സ് എന്ന മെഡിക്കൽ ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നോർവേയിലെ ഏറ്റവും ബൃഹത്തായ ഡേറ്റയെന്ന് അറിയപ്പെടുന്ന ട്രൊൻഡെലാ​ഗ് ഹെൽത്ത് സർവേയിൽ നിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്.1984 മുതൽ നോർവേയിലെ ട്രൈൻഡൈമിലെ ആരോ​ഗ്യസംബന്ധമായ ഡേറ്റകളാണ് ട്രൊൻഡെലാ​ഗ് ഹെൽത്ത് സർവേയിലുള്ളത്.
ഇക്കാലത്തിനിടയിൽ ജനങ്ങളുടെ ആരോ​ഗ്യത്തിലുണ്ടായ മാറ്റങ്ങൾ തിരിച്ചറിയാൻ പ്രസ്തുത ഡാറ്റ ​ഗവേഷകരെ സഹായിക്കുന്നു. 2006-08 കാലഘട്ടത്തിൽ പഠനത്തിൽ പങ്കാളികളായവരെ 2018 ജനുവരി വരെ ട്രാക്ക് ചെയ്യുകയായിരുന്നു. പഠനകാലത്ത് ഉറക്കത്തിനുള്ള മരുന്ന് കഴിച്ചവരായിരുന്നു ഏകദേശം 5800 പേർ. പതിനേഴു ശതമാനത്തോളം പേരുടെ ഉറക്കക്കുറവ് ​ഗൗരവകരമായിരുന്നെന്നും മരുന്നില്ലാതെ കഴിയുമായിരുന്നില്ലെന്നുമാണ് ​ഗവേഷകർ കണ്ടെത്തിയത്.
പക്ഷേ വ്യായാമത്തിൽ വിട്ടുവീഴ്ച്ച ചെയ്യാതിരുന്നവരിൽ ഉറക്കക്കുറവ് കുറഞ്ഞതായി കാണപ്പെട്ടുവെന്ന് പഠനത്തിൽ പറയുന്നു. വ്യായാമം ചെയ്ത് ആരോ​ഗ്യം കാത്തുസൂക്ഷിച്ചവരിൽ ഉറക്കക്കുറവിന് മരുന്നു കഴിക്കേണ്ട അവസ്ഥ കുറഞ്ഞുവെന്നാണ് പഠനത്തിൽ കണ്ടെത്തിയതെന്ന് നോർവീജിയൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ അസോസിയേറ്റ് പ്രൊഫസറായ ലിൻഡ ഏൺസെൻ പറയുന്നു.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഉറക്കസംബന്ധമായ പ്രശ്നങ്ങൾക്ക് വ്യായാമം ​കൂടുതൽ ​ഗുണം ചെയ്തതായി കണ്ടെത്തിയത്. ഉറക്കക്കുറവുമായെത്തുന്ന രോ​ഗികൾക്ക് വ്യായാമം നിർദേശിക്കുന്നതിൽ ഡോക്ടർമാർ കൂടുതൽ പ്രാധാന്യം നൽകണമെന്നാണ് കണ്ടെത്തലുകൾ വ്യക്തമാക്കുന്നതെന്ന് ​ഗവേഷകർ പറയുന്നു. ഉറക്കസംബന്ധമായ പ്രശ്നങ്ങൾ നേരിടാനുള്ള ഫലപ്രദമായ മാർ​ഗങ്ങളിലൊന്ന് ഫിറ്റ്നസ് കാത്തുസൂക്ഷിക്കുകയാണെന്ന് പറയുകയാണ് ​ഗവേഷകർ.