പണ്ടൊക്കെ തുണികളായിരുന്നു ആർത്തവകാലത്ത് ഉപയോ​ഗിച്ചിരുന്നതെങ്കിൽ പിന്നീടത് സാനിറ്ററി പാഡുകളിലേക്കും ടാംപൂണുകളിലേക്കും മെൻസ്ട്ര്വൽ കപ്പുകളിലേക്കുമൊക്കെ എത്തിച്ചേർന്നു. ഉപയോ​ഗിക്കാൻ എളുപ്പമാണെന്നതും സംസ്കരിക്കേണ്ട ബാധ്യതയില്ലെന്നതുമൊക്കെ ചെറുപ്പക്കാർക്കിടയിൽ കപ്പുകളെ കൂടുതൽ സ്വീകാര്യമാക്കി. സാനിറ്ററി പാഡുകൾക്കായി മാസംതോറും ചെലവാക്കുന്ന പൈസയും പിന്നീടത് സംസ്കരിക്കാൻ പാടുപെടുന്നതുമൊക്കെ മിക്കവരുടെയും പരാതികളാണ്. എന്നാൽ അതുമാത്രമല്ല ​ഗുരുതര ശാരീരിക പ്രത്യാഘാതങ്ങളും ഇവ ഉണ്ടാക്കുന്നു എന്നാണ് പുതിയൊരു പഠനം പറയുന്നത്.
സാനിറ്ററി പാഡുകളിലെ ചി കെമിക്കലുകൾ സ്ത്രീകളിൽ കാൻസറും പ്രത്യുത്പാദന സംബന്ധമായ പ്രശ്നങ്ങളും തുടങ്ങി ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം എന്നാണ് പഠനത്തിൽ പറയുന്നത്. ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സാനിറ്ററി പാഡുകളിലെല്ലാം കാർസിനോജെനുകൾ, റീപ്രൊഡക്റ്റീവ് ടോക്സിനുകൾ, അലർജനുകൾ തുടങ്ങി വിഷമയമായ കെമിക്കലുകളുടെ സാന്നിധ്യം കണ്ടെത്തിയെന്നും പഠനത്തിൽ പറയുന്നു.
ഇന്ത്യയിൽ ലഭ്യമായിട്ടുള്ള പത്ത് സാനിറ്ററി പാഡ് ബ്രാൻഡുകളെ ആധാരമാക്കിയാണ് പഠനം നടത്തിയത്. പഠനം നടത്തിയ സാംപിളുകളിലെല്ലാം ഫാലേറ്റുകളുടെയും ബാഷ്പീകരണ സ്വഭാവമുള്ള ഓർ​ഗാനിക് കാർബൺ കോംപൗണ്ടുകളുടെയും സാന്നിധ്യം കണ്ടെത്തി. ഈ കെമിക്കലുകൾ കാൻസർ സാധ്യത വർധിപ്പിക്കുന്നവയാണെന്ന് ​ഗവേഷകർ വ്യക്തമാക്കുന്നു. മാത്രവുമല്ല ആർത്തവ ഉത്പന്നങ്ങൾക്കുള്ള യൂറോപ്യൻ റെ​ഗുലേഷനിൽ പറയുന്നതിനേക്കാൾ മൂന്നിരട്ടി ഇരട്ടിയാണ് ഇവയിലെ ടോക്സിക് കെമിക്കലുകൾ എന്നും ​ഗവേഷകർ കണ്ടെത്തി.
വിവിധ ഉത്പന്നങ്ങളിൽ പ്ലാസ്റ്റിസൈസറുകളായി ഉപയോ​ഗിക്കുന്നവയാണ് ഫാലേറ്റുകൾ. ഉത്പന്നത്തെ മൃദുവാർന്നതും ഫ്ലെക്സിബിളുമാക്കാൻ സഹായിക്കുന്നവയാണ് ഇവ. സാനിറ്ററി പാഡുകളുടെ ഇലാസ്റ്റിസിറ്റി വർധിപ്പിക്കാനാണ് ഇവയുപയോ​ഗിക്കുന്നത്. ദീർഘകാലം ഈ കെമിക്കലുകൾ ശരീരത്തിലെത്തുക വഴി എൻഡോമെട്രിയോസിസ്, ​ഗർഭകാല സങ്കീർണതകൾ, ഭ്രൂണത്തിന്റെ വളർച്ച, ഇൻസുലിൻ പ്രതിരോധം, ഹൈപ്പർടെൻഷൻ എന്നിവ ഉണ്ടായേക്കാമെന്നാണ് ​ഗവേഷകർ പറയുന്നത്.
ബാഷ്പീകരണ സ്വഭാവമുള്ള ഓർ​ഗാനിക് കാർബൺ കോംപൗണ്ടുകൾ പ്രധാനമായും പെയിന്റ്, ഡിയോഡെറന്റുകൾ, എയർ ഫ്രഷ്നറുകൾ, നെയിൽ പോളിഷ് തുടങ്ങിയവയിലാണ് കാണപ്പെടുന്നത്. സാനിറ്ററി നാപ്കിനുകളിൽ സു​ഗന്ധത്തിനായാണ് ഇവ ചേർക്കുന്നത്. അനീമിയ, കിഡ്നി-കരൾസംബന്ധ രോ​ഗങ്ങൾ, ക്ഷീണം, അബോധാവസ്ഥയിലാവൽ തുടങ്ങിയ അവസ്ഥകളിലേക്ക് വഴിവെക്കുന്നവയാണ് ഇവയെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.