ഇന്നത്തെക്കാലത്ത് ഒരു സാധാരണ ആരോഗ്യപ്രശ്‌നമാണ് രക്തസമ്മര്‍ദ്ദം. ഇത് ഒരിക്കലും അവഗണിക്കാന്‍ പാടില്ല. ജോലി സമ്മര്‍ദ്ദം, മോശം ജീവിതശൈലി, ഭക്ഷണ ശീലങ്ങള്‍ എന്നിവയുള്‍പ്പെടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. ചികിത്സിച്ചില്ലെങ്കില്‍ രക്താതിമര്‍ദ്ദം നിങ്ങളില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകും.
നിങ്ങളുടെ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഇതാ..
1.പതിവായി വ്യായാമം ചെയ്യുക
വേഗത്തിലുള്ള നടത്തം, സൈക്ലിംഗ്, നീന്തല്‍, ഗാര്‍ഡനിംഗ് അല്ലെങ്കില്‍ സ്റ്റെയര്‍ റണ്ണിംഗ് എന്നിങ്ങനെയുള്ള ചില പതിവ് വ്യായാമങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കും. എയ്റോബിക്സ്, കാര്‍ഡിയോ, സൂംബ അല്ലെങ്കില്‍ യോഗ എന്നിവ ചെയ്യുന്നതും ഫലപ്രദമാണ്. ഇത്തരം വ്യായാമം ഏകദേശം 30-40 മിനിറ്റ് ചെയ്താല്‍ത്തന്നെ രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
2. ശരീരഭാരം
അമിതവണ്ണവുമുള്ള ആളുകള്‍ക്ക് രക്താതിമര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശരീരഭാരം കുറയ്ക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങളുടെ രക്തസമ്മര്‍ദ്ദം ക്രമപ്പെടുത്താനായി ശരീരഭാരം കുറയ്ക്കാന്‍ ശ്രദ്ധിക്കുക.
3. ആരോഗ്യകരമായ ഭക്ഷണം
രക്തസമ്മര്‍ദ്ദ പ്രശ്‌നമുള്ളവര്‍ ഉപ്പ്, പഞ്ചസാര, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവ കുറയ്‌ക്കേണ്ടത് പ്രധാനമാണ്. കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ്, ഉയര്‍ന്ന പ്രോട്ടീന്‍, ഉയര്‍ന്ന ഫൈബര്‍ ഭക്ഷണക്രമം നിലനിര്‍ത്തുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കും. വാഴപ്പഴം, ആപ്രിക്കോട്ട്, ചീര, കരിക്ക് തുടങ്ങിയ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഗുണം ചെയ്യും.
4. സമ്മര്‍ദ്ദം കുറയ്ക്കുക
ഇന്നത്തെ തിരക്കിട്ട ജീവിതശൈലിയില്‍ സമ്മര്‍ദ്ദം എന്നത് സാധാരണമായി ഒരു കാര്യമാണ്. എന്നിരുന്നാലും മതിയായ ഉറക്കം ലഭിക്കുന്നതിലൂടെയും യോഗ, ശ്വസനവ്യായാമം, ധ്യാനം തുടങ്ങിയ വിശ്രമ വിദ്യകള്‍ പരിശീലിക്കുന്നതിലൂടെയും സമ്മര്‍ദ്ദത്തിന്റെ അളവ് കുറയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. രക്തസമ്മര്‍ദ്ദം കൂട്ടാന്‍ സമ്മര്‍ദ്ദം ഒരു പ്രധാന കാരണമാണ്.
5. മെഡിക്കല്‍ ചെക്കപ്പ്
ഹൃദ്രോഗം പോലുള്ള ഏതെങ്കിലും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങള്‍ കൃത്യമായി പരിശോധിക്കുക. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ആളുകള്‍ കൃത്യമായി രോഗനിര്‍ണയം നടത്തിയില്ലെങ്കില്‍ കാലക്രമേണ നിങ്ങളുടെ അവസ്ഥ വഷളാകാന്‍ സാധ്യത കൂടുതലാണ്.