നിരതെറ്റിയ പല്ലുകളെ ഭംഗിയായി ക്രമീകരിക്കണം എന്ന ആഗ്രഹം എല്ലാവർക്കും ഉണ്ടാകും. പക്ഷെ അതിനായി കുറേനാൾ പല്ലിൽ കമ്പിയിട്ട് നടക്കണം എന്ന് കേൾക്കുമ്പോൾ അതത്ര സുഖകരമായി തോന്നില്ല. എന്നാൽ കമ്പിയിടാതെ ഇൻവിസിബിൾ ടീത്ത് അലൈനേഴ്സ് എന്ന നൂതന ദന്തക്രമീകരണ ചികിത്സാരീതി വഴി പല്ലുകൾ ഭംഗിയായി ക്രമീകരിക്കാനാവും.
ലോഹങ്ങൾകൊണ്ട് നിർമിച്ച വയറുകളുടെയും പല്ലിനു മുകളിൽ പിടിപ്പിക്കുന്ന ചെറിയ മുത്തുകൾ പോലുള്ള ബ്രാക്കറ്റുകളുടെയും സഹായത്താൽ നേരിയ ബലം ഉപയോഗിച്ച് പല്ലുകളെ ക്രമീകരിച്ചെടുക്കുന്ന ചികിത്സാ രീതിയാണ് പല്ലിനു കമ്പിയിടൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ക്ലിയർ അലൈനേഴ്സ് എന്നാൽ പ്രത്യേക രീതിയിൽ പോളിയൂറത്തെയിൻ റെസിൻ പ്ലാസ്റ്റിക് എന്ന പദാർഥം കൊണ്ട് നിർമിച്ച സുതാര്യമായ ഒരു ട്രേയാണ്.
ക്ലിയർ അലൈനേഴ്സ് ഉപയോഗിച്ചുള്ള ചികിത്സ തുടങ്ങുന്നതിനു മുമ്പ് പല്ലിന്റെയും അതുമായി ബന്ധപ്പെട്ട എല്ലുകളുടെയും ആരോഗ്യവും ഘടനയും മനസ്സിലാക്കുന്നതിനായി എക്സ്റേ എടുക്കുകയോ സ്കാനിങ് നടത്തുകയോ ചെയ്യും. പിന്നീട് വിവിധ കോണുകളിൽനിന്നുള്ള മുഖത്തിന്റെ ചിത്രവും വായയുടെ അളവും എടുക്കും. ഇവ വിദഗ്‌ധ ഡോക്ടർ പരിശോധിച്ചതിനുശേഷം ദന്ത ക്രമീകരണ നടപടികൾ തുടങ്ങും.
എല്ലാത്തരം ദന്ത ക്രമീകരണങ്ങൾക്കും ചിലപ്പോൾ ക്ലിയർ അലൈനേഴ്സ് ഉപയോഗിക്കാൻ സാധിക്കാതെ വരും. ഈ ചികിത്സ നിങ്ങൾക്ക് അനുയോജ്യമാണെങ്കിൽ ലാബിൽനിന്ന് പ്രാഥമിക പരിശോധനകൾക്ക് ശേഷം ഇൻട്ര ഓറൽ സ്കാനറുകൾ ഉപയോഗിച്ച് പല്ലിന്റെയും അനുബന്ധ ഘടനകളുടെയും ഡിജിറ്റൽ അളവുകൾ എടുക്കും. പിന്നീട് അത് ത്രിമാന മാതൃകകളാക്കി പല്ല് എത്രത്തോളം ക്രമീകരിക്കാനുണ്ട് എന്ന് പഠിച്ച് നിശ്ചിത എണ്ണം ട്രേകൾ ഉണ്ടാക്കിയെടുക്കും.