റെഡ് മീറ്റിന്‍റെയും മറ്റ് മാംസാഹാരങ്ങളുടെയും ഉപയോഗം പരമാവധി കുറച്ച് സസ്യ ഭക്ഷണങ്ങളുടെ അളവ് കൂട്ടിയുള്ളതാണ് ഗ്രീൻ മെഡിറ്ററേനിയൻ ഡയറ്റ്. മാംസത്തിൽ നിന്ന് ലഭിക്കുന്ന പ്രോട്ടീന് പകരം പ്രോട്ടീൻ ധാരാളം അടങ്ങിയ സസ്യഭക്ഷണങ്ങളാണ് ഈ ഡയറ്റ് പ്ലാനിൽ പ്രധാനമായും ഉപയോഗിക്കുന്നത്. ഗ്രീൻ മെഡിറ്ററേനിയൻ ഡയറ്റ് ശരീരത്തിലെ ആന്തരിക അവയവങ്ങൾക്ക് ചുറ്റുമുള്ള കൊഴുപ്പിനെ ഗണ്യമായി കുറയ്‌ക്കാൻ സഹായിക്കുന്നു.
ആന്തരികാവയവങ്ങൾക്ക് ചുറ്റം രൂപം കൊള്ളുന്ന കൊഴുപ്പ് വയറ്റിൽ അമിതമായി അടിഞ്ഞ് കൂടുന്ന കൊഴുപ്പ് അഥവാ വിസറൽ ഫാറ്റ് എന്ന് അറിയപ്പെടുന്ന കൊഴുപ്പിനെക്കാൾ ഏറെ അപകടകാരിയാണ്. മെഡിറ്ററേനിയൻ ഡയറ്റിനെക്കാളും ആരോഗ്യകരമായ ഡയറ്റിനെക്കാളും ഗ്രീൻ മെഡിറ്ററേനിയൻ ഡയറ്റ് ശരീരത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു എന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
വിസറൽ കൊഴുപ്പുകളെ മെഡിറ്ററേനിയൻ ഡയറ്റ് ഏഴ് ശതമാനവും, സാധാരണ ആരോഗ്യകരമായ ഡയറ്റ് 4.5 ശതമാനവും കുറയ്‌ക്കുമ്പോൾ ഗ്രീൻ മെഡിറ്ററേനിയൻ ഡയറ്റ് 14 ശതമാനം കുറയ്‌ക്കുന്നതായും ബിഎംസി മെഡിസിന്‍റെ പഠനത്തിൽ കണ്ടെത്തി. ശരീര ഭാരം കുറയ്‌ക്കുന്നതിലൂടെ വിസറൽ ഫാറ്റ് കുറയ്‌ക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യം വയ്‌ക്കുന്നത്.
വയറ്റിൽ അടിഞ്ഞ് കൂടുന്ന വിസറൽ കൊഴുപ്പ് കാലക്രമേണ അവയവങ്ങൾക്കിടയിൽ കൂടിച്ചേരുകയും, ഹൃദ്രോഗം, പ്രമേഹം, ഡിമെൻഷ്യ തുടങ്ങി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഗ്രീൻ മെഡിറ്ററേനിയൻ ഭക്ഷണക്രമം പോളിഫെനോളുകളാല്‍ സമ്പുഷ്‌ടമാണ്. കൂടാതെ ഇതിൽ മെഡിറ്ററേനിയൻ ഡയറ്റിലേത് പോലെ റെഡ് മീറ്റ് അധികം ഉപയോഗിക്കുന്നില്ല.
സസ്യഭക്ഷണങ്ങള്‍, മുഴുധാന്യങ്ങള്‍, നട്‌സ് ഇവ ധാരാളം ഉള്‍പ്പെടുന്നതിനാല്‍ നാരുകളുടെ അളവും ഈ ഡയറ്റില്‍ കൂടുതലാണ്. ഇത് ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. അതുവഴി ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്താനും സാധിക്കും. മെഡിറ്ററേനിയന്‍ ഡയറ്റില്‍ നട്‌സുകള്‍ പ്രധാനപ്പെട്ട ആഹാരമാണ്. മിതമായ അളവില്‍ മുഴുധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ ഇവയും ഗ്രീന്‍ മെഡിറ്ററേനിയന്‍ ഡയറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.