പുകവലിക്കാത്തവരിലും സ്ത്രീകളിലും യുവാക്കളിലും ശ്വാസകോശാര്‍ബുദത്തിന്‍റെ നിരക്ക് അടുത്തിടെ വര്‍ധിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ശ്വാസകോശാര്‍ബുദം ബാധിച്ച് ചികിത്സ തേടിയ 304 പേരുടെ വിവരങ്ങള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഇതില്‍ നിന്നാണ് പുകവലിക്കാത്തവരിലും യുവാക്കളിലും സ്ത്രീകളിലും ശ്വാസകോശാര്‍ബുദ നിരക്ക് വര്‍ധിക്കുന്നുണ്ടെന്ന് നിരീക്ഷിച്ചത്.
പുകവലി മാത്രമല്ല വര്‍ധിച്ചു വരുന്ന വായുമലിനീകരണവും ഇവിടെ പ്രധാന വില്ലനാകുന്നതായി ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പഠനത്തില്‍ നിരീക്ഷിക്കപ്പെട്ടവരില്‍ 20 ശതമാനത്തോളം പേര്‍ 50 വയസ്സില്‍ താഴെ പ്രായമുള്ളവരായിരുന്നു. 10 ശതമാനത്തോളം പേര്‍ 40ന് താഴെ പ്രായമുള്ളവരും 2.6 ശതമാനം പേര്‍ ഇരുപതുകളിലുള്ളവരുമാണ്.
ഇവരില്‍ 50 ശതമാനം പേരും പുകവലിക്കാത്തവരാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. അരവിന്ദ് കുമാര്‍ പറയുന്നു. ഇതില്‍ 70 ശതമാനം പേര്‍ 50ല്‍ താഴെ പ്രായമുള്ളവരാണ്. 30 വയസ്സിന് താഴെയുള്ള ശ്വാസകോശാര്‍ബുദ രോഗികള്‍ എല്ലാവരുംതന്നെ പുകവലിക്കാത്തവരായിരുന്നു എന്നും ഗവേഷകര്‍ നിരീക്ഷിച്ചു.
അര്‍ബുദബാധിതരില്‍ 30 ശതമാനം സ്ത്രീകളായിരുന്നതായും ഇവരെല്ലാവരുംതന്നെ പുകവലിക്കാത്തവര്‍ ആയിരുന്നെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. രോഗികളില്‍ 80 ശതമാനത്തോളം പേരും അര്‍ബുദം പുരോഗമിച്ച് രോഗനില വഷളായ ശേഷം രോഗം നിര്‍ണയിക്കപ്പെട്ടവരാണ്. 30 ശതമാനം കേസുകളിലും രോഗം ക്ഷയമാണെന്ന തെറ്റിദ്ധാരണ അര്‍ബുദനിര്‍ണയം വൈകിപ്പിച്ചതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
ഭൂരിഭാഗം രോഗികളിലും കാണപ്പെട്ടത് ശ്വാസകോശത്തിന്‍റെ പുറമേയുള്ള കോശങ്ങളെ ബാധിക്കുന്ന അഡെനോകാര്‍സിനോമയാണെന്നും പഠനം വെളിപ്പെടുത്തുന്നു. വരും ദശകങ്ങളില്‍ പുകവലിക്കാത്ത ചെറുപ്പക്കാരായ സ്ത്രീകളില്‍ ശ്വാസകോശാര്‍ബുദത്തിന്‍റെ നിരക്കുയരാനുള്ള സാധ്യതയും ഗവേഷണം മുന്നോട്ട് വയ്ക്കുന്നു.