നമ്മുടെ ശരീരം പുറത്തുനിന്നുള്ള വസ്തുക്കളോട് അമിതമായി പ്രതികരിക്കുമ്പോഴാണ് അലർജി ഉണ്ടാകുന്നത്. ഈ പ്രേരകഘടകങ്ങൾ ആന്റിജനായി പ്രവർത്തിച്ച് ശരീരത്തിലെ ആന്റിബോഡിയുമായി പ്രവർത്തിക്കുന്നു. പൊടി, പൂമ്പൊടി , ചെറുപ്രാണികൾ, പൂപ്പൽ എന്നിവയൊക്കെയാണ് അലർജിക്ക് കാരണമായ ഘടകങ്ങൾ. കണ്ണിലും മൂക്കിലും ഉള്ള ചൊറിച്ചിൽ, നിർത്താതെയുള്ള തുമ്മൽ, ചുമ, വലിവ്, തൊലിപ്പുറത്തെ ചൊറിച്ചിൽ എന്നിവയാണ് അലർജിയുടെ ലക്ഷണങ്ങൾ.
ടെസ്റ്റ് നടത്തി അലർജി നിർണയിക്കുന്ന എല്ലാ വസ്തുക്കളോടും രോഗിയുടെ ശരീരം അലർജി ലക്ഷണങ്ങൾ പ്രകടിപ്പിക്കണമെന്നില്ല. എല്ലാ രോഗികൾക്കും ഡോക്ടറുടെ നിർദേശമോ മറ്റു മാനദണ്ഡങ്ങളോ പാലിക്കാതെ അലർജനുകളുടെ വലിയ പട്ടിക പ്രകാരം ടെസ്റ്റ് ചെയ്യുന്നത് ഒരു വിധത്തിലും സഹായകമാവില്ല. ഓരോ രോഗിക്കും അലർജ്ജി ഉണ്ടാകുന്ന കാരണങ്ങൾ വ്യത്യസ്തമാണ്.
അലർജി പ്രധാനമായും ബാധിക്കുന്നത് ശരീരത്തിലെ 3 അവയവങ്ങളിലാണെന്ന് പറയാം, ശ്വാസകോശം, ത്വക്ക്, മൂക്ക്. മൂക്കിനെ ബാധിക്കുന്ന അലർജിയെ അലർജിക് റൈനൈറ്റിസ് എന്ന് പറയുന്നു. ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന Ig E എന്ന ആന്റിബോഡി രക്തത്തിലെ ശ്വേതരക്‌താണുവായ ഈസിനോഫിൽസ്, ഹിസ്റ്റാമിൻ, ലുകോട്രിൻ എന്ന രാസവസ്തുക്കൾ എന്നിങ്ങനെ പലതും ഈ അലർജിക് പ്രവർത്തനങ്ങളിൽ പങ്ക് കൊള്ളുന്നു.
മൂക്കിനു മുകളിലും വശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന സൈനസുകൾ എന്ന വായു നിറഞ്ഞ അറകളുണ്ട്. അവയെയും മൂക്കിനെയും ബന്ധിപ്പിക്കുന്ന നാളികളിൽ പഴുപ്പു നിറഞ്ഞു ണ്ടാകുന്ന രോഗമാണ് സൈനസൈറ്റിസ്. തലവേദനയും മൂക്കിൽ നിന്നു കഫം വരുന്നതുമാണ് ഇതിന്റെ രോഗലക്ഷണങ്ങൾ. എല്ലാവരുടെയും മൂക്കിന്റെ പാലം ഇടത്തോട്ടോ വലത്തോട്ടോ അല്പം വളഞ്ഞാണിരിക്കുന്നത്.
അലർജിക് റൈനൈറ്റിസുള്ള ചിലരെങ്കിലും അവരുടെ രോഗലക്ഷണങ്ങൾ ഇതുകൊണ്ടാണെന്നു തെറ്റിദ്ധരിച്ചു വളവ് നിവർത്താനുള്ള ശസ്ത്രക്രിയ ചെയ്ത് നിരാശരാവാറുണ്ട്. അലർജി മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ശസ്ത്രക്രിയകൊണ്ട് ഫലമുണ്ടാവാറില്ല. മാനസികപിരിമുറുക്കം അലർജി സാധ്യതയും അതിന്റെ കാഠിന്യവും വർധിപ്പിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തൽ.