സാധാരണ 45നും 51നും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് ആര്‍ത്തവ വിരാമം സംഭവിക്കുന്നത്; എന്നാല്‍ ചിലരില്‍ വളരെ വൈകി മാത്രം ആര്‍ത്തവം നിലക്കാറുണ്ട്; കാരണങ്ങൾ അറിയാം..

New Update

സാധാരണ 45നും 51നും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് ആര്‍ത്തവ വിരാമം സംഭവിക്കുന്നത്. 95 ശതമാനം സ്ത്രീകളിലും 50-51 പ്രായത്തിനുള്ളില്‍ ആര്‍ത്തവ വിരാമം സംഭവിക്കാം. എന്നാല്‍ ചിലരില്‍ വളരെ വൈകി മാത്രം ആര്‍ത്തവം നിലക്കാറുണ്ട്. പാരമ്പര്യം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, കാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ എന്നിവയെല്ലാം ഇതിന് കാരണമാകാം. പ്രായപരിധി കഴിഞ്ഞിട്ടും ആര്‍ത്തവ വിരാമം സംഭവിച്ചില്ലെങ്കില്‍ തീര്‍ച്ചയായും വിദഗ്ധ നിർദേശം തേടേണ്ടതും ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടതും അനിവാര്യമാണ്.

Advertisment

publive-image

ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ശരീരത്തില്‍ ഉൽപാദിപ്പിക്കപ്പെടുന്നതിന്റെ അളവ് കുറയുന്നതിനാല്‍ ചില ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ ഇക്കാലയളവില്‍ അനുഭവപ്പെടാം. എന്നാല്‍, ആര്‍ത്തവ വിരാമം സംഭവിച്ചാല്‍ പൂര്‍ണമായും പ്രശ്നത്തിലാകുന്നു എന്ന ചിന്തയും ശരിയല്ല. എല്ലാ സ്ത്രീകളിലും ആര്‍ത്തവ വിരാമത്തിന്റെ ലക്ഷണങ്ങള്‍, അനുബന്ധ ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ സമാനമാകണമെന്നില്ല.

ഇത് ശരീരത്തില്‍ സംഭവിക്കുന്ന ഒരു സാധാരണ പ്രക്രിയ മാത്രമാണ്, മെച്ചപ്പെട്ട ജീവിതശൈലികൊണ്ട് ഇതുണ്ടാക്കുന്ന അസ്വസ്ഥതകളെ മറികടക്കാന്‍ സാധിക്കും. പല കാരണങ്ങളാല്‍ ഗര്‍ഭപാത്രം നീക്കംചെയ്യേണ്ടി വരുന്ന സ്ത്രീകളിലും ആര്‍ത്തവ വിരാമം സംഭവിക്കും. സാധാരണ രീതിയില്‍ ആര്‍ത്തവ വിരാമം സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ ഇവരിലും കണ്ടുവരാം.

ആര്‍ത്തവ വിരാമം സംഭവിച്ചശേഷം വ്യായാമങ്ങള്‍ ചെയ്തു തുടങ്ങുന്നതിനേക്കാള്‍ നല്ലത് വളരെ നേരത്തേതന്നെ ചിട്ടയായ ജീവിതശൈലി രൂപപ്പെടുത്തിയെടുക്കുന്നതാണ്. കുറഞ്ഞത് 35 വയസ്സിലെങ്കിലും ചിട്ടയായ വ്യായാമം ആരംഭിക്കണം. അനാവശ്യ കൊഴുപ്പടങ്ങിയ അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും നല്ലതാണ്. ആര്‍ത്തവ കാലഘട്ടത്തിലെ അസ്വസ്ഥതകളെ ഇല്ലാതാക്കാനും കൂടുതല്‍ ഊർജസ്വലമായി മുന്നോട്ട് പോകാനും ഇതുവഴി സാധിക്കും.

ആര്‍ത്തവവിരാമ കാലഘട്ടത്തില്‍ ഒരു സ്ത്രീ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ വളരെ വലുതാണ്‌. ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ മാനസികാവസ്ഥയെ വളരെയധികം ബാധിക്കും. ഈ സമയത്ത് പങ്കാളി, മക്കള്‍ തുടങ്ങി കൂടെയുള്ളവരുടെ പിന്തുണ പ്രധാനമാണ്. അകാരണമായ ദേഷ്യം, അസ്വസ്ഥത എന്നിവ പ്രകടിപ്പിക്കുമ്പോള്‍ അത് മനസ്സിലാക്കുകയും മികച്ച രീതിയില്‍ സമീപിക്കുകയും ചെയ്യേണ്ടതുണ്ട്.

Advertisment