Advertisment

ഗര്‍ഭകാലത്തെ മദ്യപാനം ഗര്‍ഭസ്ഥശിശുവിനെ പ്രതികൂലമായി ബാധിക്കുന്നതിനെക്കുറിച്ചുള്ള പഠനം പുറത്തുവന്നിരിക്കുന്നു; അറിയേണ്ട കാര്യങ്ങൾ..

New Update

ഗര്‍ഭകാലത്തെ മദ്യപാനം ഗര്‍ഭസ്ഥശിശുവിനെ പ്രതികൂലമായി ബാധിക്കുന്നതിനെക്കുറിച്ചുള്ള പഠനം പുറത്തുവന്നിരിക്കുന്നു. വിയന്ന സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. കുറഞ്ഞ തോതിലോ മിതമായ തോതിലോ പോലും ഗര്‍ഭകാലത്ത് മദ്യപിക്കുന്നത് കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തെ ബാധിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

Advertisment

publive-image

ഗര്‍ഭകാലത്തെ മദ്യപാനം ഫീറ്റല്‍ ആല്‍ക്കഹോള്‍ സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന അവസ്ഥയിലേക്ക് നയിക്കും. ഗര്‍ഭകാലത്ത് അമ്മ മദ്യപിക്കുന്നതുമൂലം ഗര്‍ഭസ്ഥശിശുവിനുണ്ടാകുന്ന ഒരുകൂട്ടം ശാരീരിക-മാനസിക പ്രശ്‌നങ്ങളുടെ അവസ്ഥയാണിത്. ഈ സാഹചര്യത്തില്‍ ജനിക്കുന്ന കുട്ടികളില്‍ പഠനവൈകല്യം, പെരുമാറ്റത്തില്‍ പ്രശ്‌നങ്ങള്‍, സംസാരിക്കാനും ഭാഷ പ്രയോഗിക്കാനും വൈകുക തുടങ്ങിയ അവസ്ഥകള്‍ കണ്ടേക്കാം എന്നാണ് പഠനത്തില്‍ പറയുന്നത്.

ഇരുപത്തിരണ്ട് ആഴ്ച്ചയ്ക്കും 36 ആഴ്ച്ചയ്ക്കും ഇടയിലുള്ള 24 ഭ്രൂണങ്ങളുടെ എംആര്‍ഐ പരിശോധനയില്‍ നിന്നാണ് പഠനം നടത്തിയത്. ഗര്‍ഭകാലത്ത് മദ്യപാനശീലം ഉണ്ടായിരുന്നവരുടെ ഭ്രൂണങ്ങളായിരുന്നു ഇവ. പേരു വെളിപ്പെടുത്താത്ത അമ്മമാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ നിന്നാണ് മദ്യപാനം സംബന്ധിച്ച വിവരങ്ങള്‍ തേടിയത്. 24 അമ്മമാരില്‍ പതിനേഴുപേര്‍ വളരെ അപൂര്‍വമായി മദ്യപിച്ചവരാണ്.

മൂന്ന് അമ്മമാര്‍ ആഴ്ചയില്‍ മൂന്നെന്ന രീതിയില്‍ മദ്യപിച്ചിരുന്നു.രണ്ട് അമ്മമാര്‍, ആഴ്ചയില്‍ നാലുമുതല്‍ ആറെണ്ണമെന്ന തോതില്‍ മദ്യപിച്ചു. വളരെ കുറഞ്ഞ തോതിലുള്ള മദ്യപാനം പോലും തലച്ചോറിന്റെ വികാസത്തെയും ഘടനയെയും പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് തങ്ങളുടെ പഠനത്തില്‍ നിന്ന് വ്യക്തമായതെന്ന് ഗവേഷകര്‍ പറയുന്നു.

ഗര്‍ഭിണികളായ പല സ്ത്രീകള്‍ക്കും ഈ അവസ്ഥയെക്കുറിച്ച് അറിയില്ലെന്നത് നിര്‍ഭാഗ്യകരമായ അവസ്ഥയാണെന്ന് ഗവേഷകര്‍ പറയുന്നു. അതിനാല്‍ തന്നെ പഠനം നടത്തുക എന്നതുമാത്രമല്ല, വിഷയത്തെക്കുറിച്ച് ശരിയായ അവബോധം നല്‍കുക എന്നതും തങ്ങളുടെ ലക്ഷ്യമാണെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Advertisment