ഓട്ടിസ്റ്റിക് കുട്ടികളില്‍ ജന്മനാ തന്നെ പലവിധ ശാരീരിക വൈകല്യങ്ങളും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഗര്‍ഭാവസ്ഥയില്‍ ഈ കുട്ടികളുടെ വളര്‍ച്ചയിലുണ്ടായിട്ടുളള വൈകല്യങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. ഓട്ടിസ്റ്റിക് കുട്ടികളില്‍ ഗണ്യമായ ഒരു വിഭാഗത്തിന് അപസ്മാരം ഉണ്ടാകാറുണ്ട്.
മാത്രമല്ല തലച്ചോറിന്റെ പരിശോധനകളായ സി.ടി.സ്‌കാന്‍, എം.ആര്‍.ഐ, ഇ.ഇ.ജി എന്നിവയിലും ഇവരുടെ മസ്തിഷ്‌കത്തിന് സാധാരണ കുട്ടികളുടേതിനെ അപേക്ഷിച്ച് പ്രകടമായ വ്യത്യാസങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഇവരുടെ തലച്ചോറില്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സിറടോണിന്‍ എന്ന രാസവസ്തുവിന്റെ അളവ് കൂടുതലാണ്. പാരമ്പര്യ ഘടകങ്ങളും ഒരു പരിധിവരെ ഓട്ടിസത്തിന് കാരണമാണ്. ഓട്ടിസ്റ്റിക് കുട്ടികളുടെ സഹോദരനോ സഹോദരിക്കോ ഈ അസുഖം പിടിപെടാനുള്ള സാധ്യത മറ്റുളളവരെ അപേക്ഷിച്ച് 50 ശതമാനം കൂടുതലാണ്.
ഒരേ കോശത്തില്‍ നിന്ന് ജനിക്കുന്ന ഇരട്ടക്കുട്ടികളില്‍ ഒരാള്‍ക്ക് അസുഖം ബാധിച്ചാല്‍ മറ്റേയാള്‍ക്ക് പിടിപെടാനുള്ള സാധ്യത 36 മുതല്‍ 96 ശതമാനമാണ്. ഓട്ടിസ്റ്റിക് രോഗിയുടെ സഹോദരീ സഹോദരന്മാര്‍ക്കും നേരിയ തോതിലുള്ള ഭാഷാവൈകല്യങ്ങളും ബുദ്ധിവളര്‍ച്ചയിലും ചിന്താശക്തിയിലും വ്യതിയാനങ്ങളും ഉണ്ടാകാറുണ്ട്.
കുട്ടികളെ വളര്‍ത്തുന്നതിലുള്ള പലവിധ പ്രശ്‌നങ്ങള്‍ ഓട്ടിസം കൂടുന്നതിന് കാരണങ്ങളാണ്. മാതാപിതാക്കളുടെ അമിതമായ ദേഷ്യം, തങ്ങളുടെ സ്വന്തം ചിന്തകളില്‍ മാത്രം മുഴുകിയിരിക്കുന്ന സ്വഭാവം, കുട്ടിയോടുള്ള നിഷേധാത്മക മനോഭാവം എന്നിവയെല്ലാം അസുഖത്തിന്റെ തീവ്രത കൂട്ടുന്നു.