ഒരു കുഞ്ഞ് ജനിച്ചുകഴിഞ്ഞാലുടൻ മുലയൂട്ടലും തുടങ്ങണം. കാരണം ഭൂമിയിലെ ആ കുഞ്ഞിന്റെ നിലനിൽപ്പിന് മുലപ്പാലിനോളം സഹായകമായ മറ്റൊന്നുമില്ല. മുലപ്പാൽ കിട്ടാത്തത് കൊണ്ട് മാത്രം ലോകത്താകമാനം ഓരോ വർഷവും എട്ട് ലക്ഷത്തിലധികം കുട്ടികൾ മരിക്കുന്നു. ആവശ്യത്തിന് മുലപ്പാൽ കിട്ടാത്തത് കാരണം ഒരുപാട് കുഞ്ഞുങ്ങൾ ജീവിതകാലം മുഴുവൻ ആരോഗ്യപ്രശ്നനങ്ങൾ പേറുകയും ചെയ്യുന്നുണ്ട്.
പ്രസവം കഴിഞ്ഞയുടനെ ഉണ്ടാകുന്ന മുലപ്പാൽ കൊളസ്ട്രം എന്നാണ് അറിയപ്പെടുന്നത്. കഷ്ടിച്ച് ഒരു ഔൺസിൽ താഴെ മാത്രമേ കൊളസ്ട്രം അമ്മയുടെ ശരീരത്തിൽ ഒരു സമയം ഉണ്ടാവൂ. പക്ഷെ കുഞ്ഞിന്റെ വയർ നിറയ്ക്കാൻ അത് ധാരാളമാണ്. കുഞ്ഞിന് ആവശ്യമായ പ്രോട്ടീന് പുറമെ രോഗങ്ങളെ ചെറുക്കാൻ ആവശ്യമായ ഇമ്മ്യൂണോഗ്ലോബുലിൻസം കൊളസ്ട്രത്തിൽ സമൃദ്ധമാണ്. ഈ പാൽ പ്രസവം കഴിഞ്ഞ് ആദ്യത്തെ 2 മുതൽ 5 ദിവസം വരെയാണ് ഉണ്ടാകാറ്.
ആദ്യത്തെ ആറ് മാസം അമ്മയുടെ മുലപ്പാൽ മാത്രം കുടിച്ച് വളരുന്ന കുഞ്ഞുങ്ങളിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങളും, അനുബാധയും കുറവായിരിക്കും. വളരുമ്പോൾ പ്രമേഹവും ഉദരസംബന്ധമായ രോഗങ്ങളും കുറവായിരിക്കുമെന്നും പഠനങ്ങൾ പറയുന്നു. ഈ സമയം വേറെ ആഹാരങ്ങൾ നൽകിയാൽ അത് ദഹിപ്പിക്കാനാകാതെ കുഞ്ഞ് വിഷമിക്കും. വയറിന് അസ്വസ്ഥതയുണ്ടാവുകയും ചെയ്യും.
പശുവിൻ പാലും ആട്ടിൻപാലും കുഞ്ഞിന് നല്ലതല്ല. പശുവിൻ പാൽ പശുക്കിടാവിനുള്ളതാണ്. പശുക്കൾക്ക് ജീവിക്കാൻ ആവശ്യം മസിലുകൾ ആയതുകൊണ്ട് പശുവിൻപാലിൽ പ്രോട്ടീൻ കൂടുതലാണ്. പക്ഷെ നമ്മുടെ കുഞ്ഞുങ്ങൾക്ക് ബുദ്ധിവികാസവും ആവശ്യമാണ്. അതിനുള്ള പോഷകങ്ങൾ അമ്മയുടെ മുലപ്പാലിൽ മാത്രമേയുള്ളു. ഓരോ കുഞ്ഞിനും ആവശ്യമായ പോഷകങ്ങൾ അടങ്ങിയ പാലാണ് അവരുടെ അമ്മമാർ ഉല്പാദിപ്പിക്കുന്നത്.
ചില അമ്മമാർക്ക് മുലകളിൽ കടുത്ത വേദന ഉണ്ടാകാറുണ്ട്. അതിനു കാരണം കുഞ്ഞിന് കൊടുക്കുന്നതിനേക്കാൾ കൂടുതൽ പാൽ ശരീരത്തിൽ ഉല്പാദിപ്പിക്കുന്നത് കൊണ്ടാണ്. അധികമായി ഉണ്ടാകുന്ന പാൽ കെട്ടിക്കിടക്കും. ഒരു കാരണവശാലും ഈ സമയത്ത് മുലയൂട്ടൽ നിർത്തരുത്. മുല കുടിച്ചു തുടങ്ങുന്ന സമയത്ത് ഏറെ ശക്തിയോടെയാണ് കുഞ്ഞ് പാൽ വലിച്ചെടുക്കുന്നത്. ഇത് മാറിടത്തിലെ വേദന കുറയാൻ സഹായിക്കും.