തലമുടിയുടെ സംരക്ഷണ കാര്യത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍ സാധിക്കും. തലമുടിയിൽ എണ്ണമെഴുക്കും അഴുക്കും ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് താരനെ അകറ്റാൻ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം. താരനും മുടി കൊഴിച്ചിലിനും പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം.
പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് താരന്‍. താരൻ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിന് വരെ കാരണമാകാറുണ്ട്. തലമുടി കൊഴിച്ചിലിനും താരന്‍ കാരണമാകാം. തലമുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ശ്രദ്ധിക്കുന്നത് തന്നെ. പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം.
എന്നാല്‍ നമ്മുടെ അടുക്കളയില്‍ ഉള്ള വസ്തുക്കള്‍ ഉപയോഗിച്ച് തന്നെ താരനെ അകറ്റാന്‍ കഴിയുമെന്നാണ് പറയുന്നത്. ഇതിനായി തൈര്, കറുവേപ്പില, ഇഞ്ചി എന്നിവയാണ് വേണ്ടത്. പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയ തൈര് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കറുവേപ്പില താരനെ അകറ്റാനും ചൊറിച്ചില്‍ അകറ്റാനും മുടി വളരാനും സഹായിക്കും. ഇഞ്ചി തലമുടി കൊഴിച്ചിലിന് മികച്ചതാണ്.
ഈ ഹെയര്‍ പാക്ക് തയ്യാറാക്കാനായി ആദ്യം ഒരു ടീസ്പൂണ്‍ തൈര്, ആറോ ഏഴോ കറുവേപ്പില, രണ്ട് ഇഞ്ച് നീളമുള്ള ഇഞ്ചി ചതച്ചത് എന്നിവ നന്നായി മിശ്രിതമാക്കുക. 30 മിനിറ്റിന് ശേഷം ഈ മിശ്രിതം തലയോട്ടിയില്‍ പുരട്ടാം. 30 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയില്‍ രണ്ട് തവണ വരെ ഇങ്ങനെ പരീക്ഷിക്കുന്നത് ഫലം നല്‍കുമെന്നും വീഡിയോയില്‍ പറയുന്നു.