ടിവിയോ, മറ്റു ഡിജിറ്റല്‍ സ്‌ക്രീനുകളോ ഏറെ നേരം നോക്കിയിരുന്നാല്‍ കണ്ണുകള്‍ക്കു ബുദ്ധിമുട്ടുണ്ടാകും. 'ഡിജിറ്റല്‍ ഐ സ്‌ട്രെയിന്‍' എന്നു നേത്രരോഗ വിദഗ്ധര്‍ വിളിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ഒട്ടേറെ പേരെ അലട്ടുന്നുണ്ട്. കണ്ണുകള്‍ക്കു കഴപ്പ്, ചെറിയ തലവേദന, കാഴ്ചയ്ക്കു ചെറിയ മങ്ങല്‍, കണ്ണുകള്‍ക്കു ചൊറിച്ചില്‍, ചെറിയ തോതില്‍ വെള്ളം വരിക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇതു മൂലം ഉണ്ടാകാറുണ്ട്.
രാത്രിയില്‍ ടിവിയോ, കംപ്യൂട്ടര്‍ പോലുള്ള മറ്റു ഡിജിറ്റല്‍ ഉപകരണങ്ങളോ ഉപയോഗിക്കുന്ന മുറിയില്‍ വെളിച്ചം ശരിയായ രീതിയിലുണ്ടെന്ന് ഉറപ്പു വരുത്തണം. തിയറ്ററിലേതു പോലുള്ള അനുഭവം കിട്ടാന്‍ വേണ്ടി മുറിയില്‍ വെളിച്ചം ഒഴിവാക്കുകയാണെങ്കില്‍ അതു കണ്ണിനു പ്രശ്‌നമാണ്. ടിവിയുടെയോ, ഡിജിറ്റല്‍ സ്‌ക്രീനുകളുടെയോ 'ബ്രൈറ്റ്‌നെസ്' കണ്ണുകള്‍ക്ക് അനുയോജ്യമായ രീതിയിലേക്ക് ക്രമീകരിക്കണം. ഡിജിറ്റല്‍ സ്‌ക്രീനുകള്‍ 'ഐ പ്രൊട്ടക്ഷന്‍ മോഡില്‍' ക്രമീകരിക്കുന്നതാണു ഏറ്റവും ഉത്തമം.
കണ്ണിനു സമാന്തരമായി തന്നെ സ്‌ക്രീനുകള്‍ ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം. ഉയരത്തിലോ, താഴ്‌ന്നോ ആണു സ്‌ക്രീനുകള്‍ ഇരിക്കുന്നതെങ്കില്‍ കണ്ണിനു ബുദ്ധിമുട്ടാണ്. സ്‌ക്രീനുകളിലേക്ക് ഇമവെട്ടാതെ നോക്കിയിരിക്കരുത്. കണ്ണുകള്‍ക്കു നനവ് കൊടുക്കുന്നതു കണ്ണുനീരാണ്. ഇമവെട്ടുമ്പോഴാണ് ഈ നനവ് കണ്ണുകളിലേക്കു മുഴുവന്‍ വ്യാപിക്കുന്നത്. ഇമവെട്ടുന്നതു കുറയുമ്പോള്‍ കണ്ണുകളില്‍ നനവ് കുറയും.
കണ്ണുകളുടെ ആരോഗ്യം കാത്തു സൂക്ഷിക്കണമെങ്കില്‍ ശരിയായ ഉറക്കം അനിവാര്യമാണ്. സ്ഥിരമായി ഉറക്കമൊഴിക്കുന്നതു നല്ലതല്ല. കളി കാണാനായി ഉറക്കമൊഴിക്കുമ്പോള്‍ മറ്റേതെങ്കിലും സമയത്തു കുറച്ചു നേരം ഉറങ്ങി അതു ക്രമപ്പെടുത്തണം. ഉറക്കം നഷ്ടപ്പെടുന്നതു കൂടുകയാണെങ്കില്‍ കണ്ണുകള്‍ക്കു ചുറ്റും കറുത്ത നിറം വരാനുള്ള സാധ്യത കൂടുതലാണ്. കണ്ണുകളുടെ ഞരമ്പുകളെയും ഉറക്കക്കുറവ് പ്രതികൂലമായി ബാധിക്കും.