കരളിൽ കൊഴുപ്പടിയുന്ന ഫാറ്റി ലിവർ ഡിസീസ് പോലുള്ള രോഗങ്ങളുടെ സൂചനയാണ് ഉറക്കത്തിലുണ്ടാകുന്ന തടസ്സങ്ങൾ. വെളുപ്പിന് ഒരു മണിക്കും മൂന്ന് മണിക്കും ഇടയിലുള്ള സമയത്താണ് കരൾ ശരീരത്തെ ശുദ്ധീകരിക്കുന്ന കഠിനമായ ജോലിയിൽ ഏർപ്പെടുന്നത്. കരളിൽ കൊഴുപ്പടിയുന്നതോടു കൂടി ഇതിന്റെ പ്രവർത്തനം മന്ദീഭവിക്കുകയും ശരീരത്തെ വിഷമുക്തമാക്കുന്ന ജോലിക്കായി കൂടുതല്‍ ഊർജം ചെലവിടേണ്ടി വരികയും ചെയ്യുന്നു.
ഇത്തരത്തിൽ അധികം ഊർജം ശരീരം വിനിയോഗിക്കുമ്പോൾ ഇത് നാഡീവ്യൂഹസംവിധാനത്തെ ഉത്തേജിപ്പിച്ച് ഉറക്കം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കുന്നതായി ലേഖനം കൂട്ടിച്ചേർക്കുന്നു. കരളുമായി ബന്ധപ്പെട്ട രോഗങ്ങൾ ഉള്ളവരിൽ 60 മുതൽ 80 ശതമാനം പേരെയും ഉറക്കപ്രശ്നങ്ങൾ അലട്ടാറുണ്ട്.
ഉറക്കമില്ലായ്മ, ഉറക്കത്തിന് നിലവാരമില്ലായ്മ, പകൽ ഉറക്കം തൂങ്ങൽ, കാലുകൾ എപ്പോഴും ആട്ടിക്കൊണ്ടിരിക്കാൻ പ്രേരിപ്പിക്കുന്ന റെസ്റ്റ്‌ലസ് ലെഗ് സിൻഡ്രോം എന്നിവയും കരൾ രോഗികളിൽ കാണപ്പെടാറുണ്ട്.
അമിതഭാരം, ടൈപ്പ് 2 പ്രമേഹം, രക്തത്തിലെ ഉയർന്ന ട്രൈഗ്ലിസറൈഡ് തോത്, തൈറോയ്ഡ് പ്രശ്നം എന്നിവയെല്ലാം കരൾ രോഗത്തിന്റെ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. പഴങ്ങൾ, പച്ചക്കറികൾ, ഉയർന്ന തോതിൽ ഫൈബർ അടങ്ങിയ പയർവർഗങ്ങൾ, പച്ചിലകൾ, ഹോൾ ഗ്രെയ്നുകൾ എന്നിവയെല്ലാം കരള്‍ രോഗികൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.