പിസിഒഎസ് സ്ത്രീകളുടെ ആര്‍ത്തവത്തെയും അതുപോലെ ഗര്‍ഭധാരണത്തെയുമെല്ലാം ബാധിക്കാം;അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇവയാണ്..

New Update

ഹോര്‍മോണ്‍ സംബന്ധമായ പ്രശ്നമായതിനാല്‍ തന്നെ പിസിഒഎസ് സ്ത്രീകളുടെ ആര്‍ത്തവത്തെയും അതുപോലെ ഗര്‍ഭധാരണത്തെയുമെല്ലാം ബാധിക്കാം. ഇവ മാത്രമല്ല, പല ആരോഗ്യപരമായ പ്രശ്നങ്ങളിലേക്കും പിസിഒഎസ് നയിക്കാം. ആര്‍ത്തവ ക്രമക്കേടുള്‍, അമിതമായ രോമവളര്‍ച്ച, മുടി കൊഴിച്ചില്‍, അമിതവണ്ണം, മുഖക്കുരു, വിഷാദം എന്നിങ്ങനെ പല രീതിയിലാണ് പിസിഒഎസ് സ്ത്രീകളെ പ്രശ്നത്തിലാക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനമാണ് ആര്‍ത്തവ ക്രമക്കേടുകളെ തുടര്‍ന്നുണ്ടാകുന്ന വന്ധ്യത.

Advertisment

publive-image

ഗര്‍ഭിണിയാകാനുള്ള സാധ്യത...

പിസിഒഎസ് ഉള്ള സ്ത്രീകള്‍ ഒരിക്കലും ഗര്‍ഭം ധരിക്കില്ലെന്ന് വിചാരിക്കുന്നവരുണ്ട്. എന്നാലിത് തീര്‍ത്തും അടിസ്ഥാനമില്ലാത്ത ചിന്തയാണ്. പിസിഒഎസ് ഉള്ള സ്ത്രീകളും ഗര്‍ഭം ധരിക്കും. എന്നാല്‍ ഗര്‍ഭധാരണത്തിന് ഇവര്‍ക്ക് ചിലപ്പോള്‍ തടസങ്ങള്‍ നേരിടുകയോ താമസം നേരിടുകയോ ചെയ്തേക്കാം എന്ന് മാത്രം.

പിസിഒഎസ് ഉള്ള സ്ത്രീകളില്‍ പുരുഷ ലൈംഗിക ഹോര്‍മോണ്‍ ആയ ആൻഡ്രോജെൻ കൂടുതലായി കാണപ്പെടുന്നു. സാധാരണനിലയില്‍ സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം എതിര്‍ലിംഗത്തിന്‍റെ ലൈംഗിക ഹോര്‍മോണ്‍ ചെറിയ അളവില്‍ കാണാം. എന്നാല്‍ പിസിഒഎസില്‍ ഇത് കൂടുകയാണ് ചെയ്യുന്നത്. ഇത് ഇൻസുലിൻ ഹോര്‍മോണ്‍ കൂടുന്നതിലേക്കും നയിക്കാറുണ്ട്.

അണ്ഡാശയത്തില്‍ ദ്രാവകം നിറഞ്ഞിരിക്കുന്ന ചെറിയ മുഴകള്‍ പോലുള്ള വളര്‍ച്ചകള്‍ പിസിഒഎസ് ഉള്ള സ്ത്രീകളില്‍ കാണാം. ഇത് അണ്ഡോത്പാദനത്തെ ബാധിക്കുന്നു. സ്വാഭാവികമായും ആര്‍ത്തവവും ഗര്‍ഭധാരണവുമെല്ലാം ഇതിനെ സ്വാധീനിക്കുന്നു.

ചെയ്യാവുന്ന കാര്യങ്ങള്‍...

പിസിഒഎസ് ഉള്ള സ്ത്രീകള്‍ ചില കാര്യങ്ങള്‍ നിത്യജീവിതത്തില്‍ ശ്രദ്ധിച്ചാല്‍ വളരെ സ്വാഭാവികമായി തന്നെ ഗര്‍ഭധാരണം സാധ്യമാകും. ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ ശരീരഭാരം വര്‍ധിപ്പിക്കാം എന്നതിനാല്‍ പരമാവധി പ്രായത്തിന് അനുസരിച്ചുള്ള ശരീരഭാരം സൂക്ഷിക്കുക. വ്യായാമം ചെയ്യുന്നത് ഏറ്റവും നല്ല കാര്യം. കായികമായി സജീവമായിരിക്കുന്നത് പിസിഒഎസ് സംബന്ധിച്ച ഒരുപാട് പ്രശ്നങ്ങള്‍ പരിഹരിക്കാൻ സഹായിക്കും.

ആര്‍ത്തവത്തിലെ ക്രമേക്കേടുകള്‍ ആദ്യം മുതല്‍ക്ക് തന്നെ ശ്രദ്ധിക്കണം. കഴിയുന്നതും എളുപ്പത്തില്‍ ഇത് കൈകാര്യം ചെയ്യുകയും വേണം.

ഇൻസുലിൻ ഹോര്‍മോണ്‍ കൂടുന്നതിനും സാധ്യതയുള്ളതിനാല്‍ പ്രമേഹത്തിന്‍റെ കാര്യത്തിലും ശ്രദ്ധ വയ്ക്കുക. ടൈപ്പ്-2 പ്രമേഹത്തിനാണ് സാധ്യത കൂടുതല്‍. ഇത് എപ്പോഴും പരിശോധിച്ച് ഉറപ്പുവരുത്തുക.

സ്വാഭാവികമായ ഗര്‍ഭധാരണത്തിന് കാത്തിരുന്നിട്ടും പല തവണ ഫലം കാണാതെ പോവുകയാണ് തീര്‍ച്ചയായും മെഡിക്കല്‍ ഹെല്‍പ് തേടുക. ഇക്കാര്യത്തില്‍ നാണക്കേടോ മടിയോ നിരാശയോ തോന്നേണ്ടതില്ല. ഇക്കാലത്ത് ഇതെല്ലാം സാധാരണമാണെന്ന് തന്നെ മനസിലാക്കുക.

Advertisment