രോ​ഗവ്യാപനശേഷി കൂടുതലാണ് എന്നതാണ് ബിഎഫ് 7 എന്ന പുതിയ വകഭേ​​ദം ഉയർത്തുന്ന പ്രധാന ആശങ്ക. ഈ സാഹചര്യത്തിൽ ഒമിക്രോൺ ഉപവകഭേദത്തെക്കുറിച്ചും രോ​ഗവ്യാപന സാഹചര്യത്തിൽ സ്വീകരിക്കേണ്ട പ്രതിരോധ മാർ​ഗങ്ങളെക്കുറിച്ചും വിവരിക്കുകയാണ്..
ചൈനയിൽ വ്യാപിച്ച് വരുന്ന ഒമിക്രോൺ വകഭേദത്തിന്റെ ഉപവകഭേദമായ ബി എ എഫ് 7 (ബി.എ.5.2.17) ഇന്ത്യയിലും എത്തിക്കഴിഞ്ഞു എന്ന വാർത്ത സ്വാഭാവികമായും ആശങ്ക ഉയർത്തിയിട്ടുണ്ട്. ഗുജറാത്തിലും ഒഡീഷയിലുമാണ് ബ് എ എഫ് 7 കണ്ടെത്തിയത്. ബി എ എഫ് 7 ഉപവകഭേദത്തിന്റെ വ്യാപനശേഷി കൂടുതലായിരിക്കും. എന്നാൽ അതുണ്ടാക്കാനിടയുള്ള കോവിഡ് രോഗത്തിന്റെ തീവ്രത കുറവായിരിക്കും.
കോവിഡ് വാക്സിൻ രണ്ട് ഡോസും ബൂസ്റ്റർ ഡോസും എല്ലാവരും സ്വീകരിച്ചു എന്നുറപ്പുവരുത്തുക. പുതിയ വകഭേദങ്ങൾക്ക് ഭാഗികമായ വാക്സിൻ അതിജീവനശേഷിയുള്ളതിനാൽ വാക്സിൻ എടുത്താലും ചിലരെ കോവിഡ് ബാധിച്ച് എന്ന് വരാം. എന്നാൽ രോഗം ഗുരുതരമാവുകയോ മൂർച്ചിക്കയോ ചെയ്യില്ല, ലോകമെമ്പാടും വാക്സിനേഷൻ ആരംഭിച്ച ശേഷം മരണനിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
ഇപ്പോൾ ലഭ്യമായ വാക്സിൻ ആദ്യമായി പ്രത്യക്ഷപ്പെട്ട വൈറസ് വകഭേദത്തിന്റെ അടിസ്ഥാനത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. ഇതിനകം പ്രത്യക്ഷപ്പെട്ട എല്ലാ വകഭേദങ്ങളെയും ഉപവകഭേദങ്ങളെയും പ്രതിരോധിക്കുന്ന വാക്സിൻ വൈകാതെ ഉല്പാദിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാസ്ക് ധാരണ തുടരുക. കോവിഡ് തടയാൻ മാത്രമല്ല വായുവിലൂടെ പകരുന്ന ഫ്ലൂ, ആർ എസ് വി (റെസ്പിരറ്ററി സിൻസിഷ്യൽ വൈറസ്) വിഭാഗത്തിൽ പെട്ട വൈറസുകൾ മൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധകളിൽ നിന്നും രക്ഷപ്പെടാനും മാസ്ക് സഹായിക്കും. ഈ മൂന്ന് വിഭാഗത്തിൽ പെട്ട ശ്വാസകോശരോഗാണുബാധയെ ട്രിപ്പിളെഡെമിക് എന്നാണു വിശേഷിപ്പിക്കുന്നത്.