ഇപ്പോൾ വളരെയേറെ പ്രചാരത്തിലുള്ള പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. ഭംഗി കൊണ്ട് ഈ കേമൻ ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. എന്നാൽ ഭംഗിയിൽ മാത്രമല്ല ഗുണത്തിലും ഏറെ മുൻപന്തിയിലാണ് ഡ്രാഗൺ ഫ്രൂട്ട്. നമ്മുടെ നാട്ടിൽ അത്ര സുലഭമല്ലെങ്കിലും ഇപ്പോൾ വിപണിയിൽ ഇത് ലഭ്യമാണ്.
പിറ്റഹയ അല്ലെങ്കിൽ സ്ട്രോബെറി പിയർ എന്നൊക്കെയാണ് ഈ പഴം അറിയപ്പെടുന്നത്. മനോഹരമായ നിറവും വേറിട്ട ഘടനയുമൊക്കെയാണ് ഡ്രാഗൺ ഫ്രൂട്ടിനെ ജനപ്രിയമാക്കിയത്. എന്നാൽ, രുചിയുടെ കാര്യത്തിൽ അത്രക്ക് കേമനല്ലെങ്കിലും ഗുണത്തിൽ മുൻപന്തിയിലാണ്.
ഡ്രാഗൺ ഫ്രൂട്ടിന് ഒട്ടേറെ ആരോഗ്യഗുണങ്ങളാണ് ഉള്ളത്. ഡ്രാഗൺ ഫ്രൂട്ടിൽ കലോറി കുറവാണ്. പക്ഷേ അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇതിൽ ഗണ്യമായ അളവിൽ ഡയറ്ററി ഫൈബറും അടങ്ങിയിട്ടുണ്ട്. ഡ്രാഗൺ ഫ്രൂട്ട് പോലെയുള്ള ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക എന്നത് എപ്പോഴും നല്ലതാണ്.
ഹൃദ്രോഗം, കാൻസർ, പ്രമേഹം, സന്ധിവാതം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളെ തടയാൻ ആന്റിഓക്‌സിഡന്റുകൾ കൂടുതലുള്ള ഭക്ഷണക്രമം സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അണുബാധയ്‌ക്കെതിരെ പോരാടാനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവ് ഭക്ഷണത്തിന്റെ ഗുണനിലവാരം മുതലുള്ള ഘടകങ്ങളെ ആശ്രയിച്ചിരിക്കും.
ഡ്രാഗൺ ഫ്രൂട്ടിലെ വിറ്റാമിൻ സിയും കരോട്ടിനോയിഡുകളും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും വെളുത്ത രക്താണുക്കളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിലൂടെ അണുബാധ തടയുകയും ചെയ്യും.