വണ്ണം കുറയ്ക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിന് വര്‍ക്കൗട്ടും പലപ്പോഴും ചിട്ടയായ ഡയറ്റുമെല്ലാം ആവശ്യമായി വരാം. എന്തായാലും ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധിക്കാതെയോ കരുതലെടുക്കാതെയോ വണ്ണം കുറയ്ക്കാൻ സാധിക്കുകയില്ല.
ചില ഭക്ഷണങ്ങള്‍ എളുപ്പത്തില്‍ വണ്ണം കൂട്ടാൻ കാരണമാകാറുണ്ട്. അതേസമയം ചിലതാകട്ടെ, വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം നല്‍കുകയും ചെയ്യാം. ഇത്തരത്തിലുള്ള ഭക്ഷണങ്ങളെല്ലാം തിരിച്ചറിഞ്ഞ് ഡയറ്റില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കുകയോ ഡയറ്റിലുല്‍പ്പെടുത്തുകയോ എല്ലാം ചെയ്യേണ്ടതുണ്ട്.
അതേസമയം, ചില ഭക്ഷണങ്ങളെ കുറിച്ച് പരക്കെ വലിയ തെറ്റിദ്ധാരണകള്‍ ഉണ്ടാകാറുമുണ്ട്. ഇവ കഴിച്ചാല്‍ വണ്ണം കൂടും, അല്ലെങ്കില്‍ കുറയുമെന്നെല്ലാമുള്ള വാദങ്ങള്‍ എപ്പോഴും കേള്‍ക്കാം. ഇതേ രീതിയില്‍ എപ്പോഴും നിങ്ങള്‍ പറഞ്ഞുകേട്ടിട്ടുള്ള ഒന്നായിരിക്കും കപ്പലണ്ടി കഴിക്കുന്നത് വണ്ണം കൂട്ടുമെന്ന വാദം. എന്താണ് ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യമെന്ന് മിക്കവര്‍ക്കും അറിയില്ല എന്നതാണ് സത്യം.
ധാരാളം എണ്ണയും കൊഴുപ്പും അടങ്ങിയിട്ടുണ്ട് എന്നതിനാലാണ് കപ്പലണ്ടി ശരീരത്തിന് ദോഷമാണെന്നോ വണ്ണം കൂട്ടുമെന്നോ പലരും കരുതുന്നത്. 100 ഗ്രാം കപ്പലണ്ടിയില്‍ 567 കലോറിയും 25 ഗ്രാം പ്രോട്ടീനും 16 ഗ്രാം കാര്‍ബോഹൈഡ്രേറ്റും 50 ഗ്രാം കൊഴുപ്പും അടങ്ങിയിരിക്കുന്നു. ഇതിന് പുറമെ ഫൈബറിനാലും ഒമേഗ-6 ഫാറ്റി ആസിഡിനാലും സമ്പന്നമാണ് കപ്പലണ്ടി.