ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വ്യാപകമായി കണ്ടു വരുന്ന ഒരു ഔഷധവൃക്ഷമാണ് ആര്യവേപ്പ്. അതിന്റെ തൊലി, ഇല, വിത്തിൽ നിന്നെടുക്കുന്ന തൈലം എന്നിവ വിവിധ ആവശ്യങ്ങൾക്കായി ആയുർവേദത്തിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. അസാഡിറാക്ട ഇൻഡിക്ക എന്ന ശാസ്ത്രീയ നാമമുള്ള ഈ ഔഷധം നിംബം, അരിഷ്ടം എന്നീ സംസ്കൃത നാമങ്ങളിൽ ആയുർവേദത്തിൽ വിവരിക്കുന്നു.
പഞ്ചതിക്തകം എന്ന പേരിൽ അറിയപ്പെടുന്ന കയ്പുരസ പ്രധാനമായ അഞ്ച് ഔഷധങ്ങളിൽ ഒന്നാണിത്. രക്തശുദ്ധിക്ക് ഉത്തമമായ ഔഷധമാണിത്. അതിനാൽ തന്നെ ത്വക്‌രോഗ ചികിത്സയിൽ ഉപയോഗിക്കുന്ന മഞ്ജിഷ്ഠാദി കഷായം, നിംബാദി കഷായം, നിംബാദി ചൂർണം എന്നീ ഔഷധങ്ങളിലെ ചേരുവയാണിത്. ഈ വൃക്ഷത്തിന്റെ പട്ട അഥവാ തൊലി, ഇല ഇവ ഇട്ടു തിളപ്പിച്ച വെള്ളം വ്രണങ്ങൾ കഴുകാൻ ഉപയോഗിക്കുന്നു.
ഈ വെള്ളം കൊണ്ടു കുളിക്കുന്നത് ത്വക്‌രോഗികൾക്കു നല്ലതാണ്. വിഷജന്തുക്കൾ കടിച്ച മുറിപ്പാടിൽ വേപ്പിലയും മഞ്ഞളും ചേർത്തരച്ചു പുരട്ടുന്നത് വിഷശമനമാണ്. ഇതേ ലേപനം ത്വക്‌രോഗങ്ങളിൽ തേച്ചു കുളിക്കാൻ ഉപയോഗപ്പെടുത്താറുണ്ട്. ചിക്കൻപോക്സ് വന്നവരിലുണ്ടാകുന്ന ചൊറിച്ചിലിന് ഇതിന്റെ ഇല കൊണ്ട് ഉരസുന്നത് ഫലപ്രദമാണ്. ഗുൽഗുലു തിക്തഘൃതം എന്ന പ്രസിദ്ധമായ ഔഷധക്കൂട്ടിന്റെ ചേരുവകളിലൊന്നാണിത്.
പ്രമേഹ ചികിത്സയില്‍ അനന്തസാധ്യതകളുള്ളതാണ് വേപ്പെണ്ണ. ഈ വേപ്പിൻതൈലം പ്രമേഹ രോഗിയിൽ, സ്നേഹപാനത്തിനായി നിർദേശിക്കാറുണ്ട്. വേപ്പെണ്ണയും സോപ്പുലായനിയും പുകയില കഷായവും ഒന്നിച്ചു ചേർത്താണ് ജൈവകീടനാശിനി തയാറാക്കുന്നത്. വേപ്പിന്റെ ഇലകളിൽ തട്ടി വരുന്ന കാറ്റിനു പോലും ഔഷധഗുണങ്ങളുണ്ടെന്നു വിശ്വസിക്കപ്പെടുന്നു.