സംസ്ഥാനത്ത് ആദ്യമായി അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിനായി മദര്‍-ന്യൂബോണ്‍ കെയര്‍ യൂനിറ്റ് (എം.എന്‍.സി.യു) കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ സജ്ജമായി. നവജാതശിശു ചികിത്സ മേഖലയില്‍ ഈ സംരംഭം ഒരു നാഴിക കല്ലായി മാറുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. നവജാത ശിശുക്കളുടെ പരിചരണത്തില്‍ അമ്മമാരുടെ സാന്നിധ്യം ഉറപ്പാക്കി കൊണ്ടുള്ള ചികിത്സാ പദ്ധതിയാണ് എം.എന്‍.സി.യു.
ആഗോള തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു നൂതന ആശയമാണിത്. ഇതിലൂടെ മാതൃശിശു ബന്ധം ഊട്ടിയുറപ്പിക്കുന്നതിനോടൊപ്പം നവജാത ശിശു പരിചരണവും കരുതലും മുലയൂട്ടലും കൂടുതല്‍ ശക്തമാകുന്നു. ഇങ്ങനെ കുഞ്ഞിന്റെ വേഗത്തിലുള്ള രോഗമുക്തിയും കുറഞ്ഞ ആശുപത്രി വാസവും ഉറപ്പാക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയില്‍ നാമമാത്രമായി വിരലിലെണ്ണാവുന്ന കേന്ദ്രങ്ങളില്‍ മാത്രമേ ഈ സംവിധാനം നിലവിലുള്ളൂ. കുഞ്ഞുങ്ങളുടെ പരിചരണത്തില്‍ അമ്മമാരുടെ പങ്കാളിത്തം ഉറപ്പാക്കികൊണ്ടുള്ള ചികിത്സയാണിത്. ഈ ആശയത്തിന്റെ ചുവടു പിടിച്ചുകൊണ്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ നവജാതശിശു വിഭാഗത്തില്‍ പദ്ധതി ആരംഭിക്കുന്നത്. ആധുനിക സൗകര്യങ്ങളോട് കൂടിയ എം.എന്‍.സി.യു.യില്‍ എട്ട് കിടക്കകളാണ് സജ്ജമാക്കിയത്.
ഉത്തര കേരളത്തില്‍ പൊതുജനാരോഗ്യ മേഖലയില്‍ ഒരു പ്രധാന റഫറല്‍ സെന്ററാണ് മാതൃശിശു സംരക്ഷണ കേന്ദ്രം. പ്രതിവര്‍ഷം അയ്യായിരത്തോളം നവജാത ശിശുക്കളെ ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സിക്കുന്നു. കോഴിക്കോടിന്റെ സമീപ ജില്ലകളിലെയും വയനാട് തുടങ്ങി ആദിവാസ മേഖലകളിലെയും കുഞ്ഞുങ്ങളുടെ ആരോഗ്യ പരിപാലനത്തിനുള്ള ഒരു പ്രധാന ആശ്രയമാണ് ഇവിടം.