കുട്ടികൾ ഉറക്കത്തിനിടെ കിടക്കയിൽ മൂത്രമൊഴിക്കുന്നത് ഒരു സാധാരണമായ കാര്യമാണ്. ആറു മുതൽ 15 വയസ്സുവരെയുള്ള പ്രായത്തിലുള്ള കുട്ടികൾ കിടക്കയിൽ മൂത്രമൊഴിക്കുന്നതിൽ അസ്വാഭാവികതയില്ല. ചില കുട്ടികൾ ആഴ്ചയിൽ ഒരിക്കലെങ്കിലും കിടക്കയിൽ മൂത്രമൊഴിക്കാറുണ്ട്. കുഞ്ഞുനാൾ മുതൽ കിടക്കയിൽ മൂത്രമൊഴിക്കുന്ന ശീലമുള്ള കുട്ടികളിൽ ചിലരിൽ ആ പ്രശ്നം കാലക്രമേണം സ്വയം പരിഹരിക്കാനാകും.
ചില കുട്ടികൾ ഒരു രാത്രിയിൽ തന്നെ ഒന്നിലേറെ തവണ കിടക്കയിൽ മൂത്രമൊഴിക്കാറുണ്ട്. അതിന് അവരെ കുറ്റപ്പെടുത്തുകയോ കളിയാക്കുകയോ അല്ല വേണ്ടത്. ചില രോഗാവസ്ഥകളും മാനസിക വളർച്ചയുടെ ഭാഗമായുമാണ് ഇത്തരത്തിൽ കിടക്കയിൽ മൂത്രമൊഴിക്കുന്ന അവസ്ഥയുണ്ടാകുന്നത്. ഇത്തരം കുട്ടികളെ ചേർത്തു പിടിക്കുകയും പ്രശ്നം പരിഹരിക്കുന്നതിന് ആത്മാർഥമായ ശ്രമം നടത്തുകയുമാണ് മാതാപിതാക്കൾ ചെയ്യേണ്ടത്.
ഇത്തരം പ്രശ്നമുള്ള കുട്ടികളെ ഒരു തെറാപ്പിയിലൂടെയും സാധ്യമായ ചികിത്സയിലൂടെയും ഇത് മാറ്റിയെടുക്കാനാകും. ഈ പ്രശ്നം ഗൌരവമായി കാണേണ്ട ഒന്നാണ്. കുട്ടികൾ കിടക്കയിൽ മൂത്രമൊഴിക്കുന്നത് നിസാരമായി വിടേണ്ട കാര്യമല്ല. തലച്ചോറും മൂത്രസഞ്ചിയുടെ പ്രവർത്തനവും, അവ തമ്മിലുള്ള ഏകോപനവും പൂർണമായി വികാസം പ്രാപിക്കാത്ത കുട്ടികളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്.
മാതാപിതാക്കൾ പ്രത്യേകിച്ച് അമ്മമാർക്കാണ് ഇക്കാര്യത്തിൽ കുട്ടികളെ സഹായിക്കാനാകുക. മൂന്ന് മുതൽ അഞ്ച് വയസുവരെയുള്ള സമയങ്ങളിൽ അമ്മമാർ കുട്ടികളെ വാഷ് റൂമിൽ പോയി മൂത്രമൊഴിക്കാൻ ശീലിപ്പിക്കുന്നു. എന്നാൽ ഇത് ഏറെയും പകൽസമയത്താണെന്ന് മാത്രം.