രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തില്‍ സോഡിയം അഥവാ ഉപ്പ് കുറയ്ക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ട കാര്യം. ഉപ്പ് കാര്യമായി ചേർക്കുന്ന പാക്കറ്റ് ഭക്ഷണങ്ങള്‍, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ആരോഗ്യകരമായ ഭക്ഷണരീതി തിരഞ്ഞെടുക്കാം.
ഒന്ന്...
പച്ചിലക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചീര, മുരിങ്ങയില തുടങ്ങിയവ ഇരുമ്പിന്റെ മികച്ച ഉറവിടങ്ങളാണ്. ഇതിൽ അടങ്ങിയ ആന്റി ഓക്‌സിഡന്റുകൾ, നൈട്രേറ്റുകൾ എന്നിവ ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക് അനുയോജ്യമാണ്.
രണ്ട്...
ബീറ്റ്റൂട്ട് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
മൂന്ന്...
അവക്കാഡോ ജ്യൂസ് ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെണ്ണപ്പഴത്തില്‍ പൊട്ടാസ്യവും ഫോളേറ്റും വളരെ കൂടുതലുളളതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
നാല്...
വാഴപ്പഴമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന പൊട്ടാസ്യം വലിയ അളവിൽ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 422 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം രക്തക്കുഴലുകളുടെ ഭിത്തിയിലെ പിരിമുറുക്കം ലഘൂകരിക്കുക ചെയ്യുന്നുവെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നു.
അഞ്ച്...
മാതള ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളം ബിപി നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ആറ്...
വെളുത്തുള്ളി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രക്തക്കുഴലുകളെ വിപുലീകരിക്കുന്ന നൈട്രിക് ഓക്സൈഡിന്റെ അളവ് വർദ്ധിപ്പിക്കാൻ വെളുത്തുള്ളി സഹായിക്കും.
ഏഴ്...
ദിവസവും ഡയറ്റിൽ ഇഞ്ചി ഉൾപ്പെടുത്തുകയോ അല്ലെങ്കിൽ ദിവസവും ഇഞ്ചിച്ചായ കുടിക്കുകയോ ചെയ്യുന്നതു വഴി രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയരോഗങ്ങളെ പ്രതിരോധിക്കാനും സാധിക്കും.