ആര്‍ക്കും ഏത് പ്രായത്തിലും സന്ധിവാതം ഉണ്ടാകാം. എന്നാല്‍ ചിലര്‍ക്ക് സന്ധിവാതം വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് അധികമാണ്. മയോ ക്ലിനിക്കിലെ വിദഗ്ധരുടെ അഭിപ്രായത്തില്‍ സന്ധിവാതത്തിന്‍റെ കുടുംബചരിത്രമുള്ള പ്രായമായവര്‍, മുന്‍പ് സന്ധികളില്‍ പരുക്ക് പറ്റിയവര്‍, അമിതവണ്ണമുള്ളവര്‍ തുടങ്ങിയവര്‍ക്ക് സന്ധിവാത സാധ്യത അധികമാണ്.
സന്ധിവാതത്തെ പറ്റി സൂചന നല്‍കുന്ന ലക്ഷണങ്ങള്‍ നോക്കാം..
1. നിരന്തര വേദന..
സന്ധികളില്‍ ഉണ്ടാകുന്ന നിരന്തരമായ വേദനയാണ് സന്ധിവാതത്തിന്‍റെ പ്രഥമ ലക്ഷണം. ഈ വേദന മാറാതെ നില്‍ക്കുകയോ വിട്ടു വിട്ടു വരികയോ ചെയ്യാം. വെറുതെ ഇരിക്കുമ്പോഴും നടക്കുമ്പോഴുമൊക്കെ ഈ വേദന വരാം. ശരീരത്തിന്‍റെ ഒരു ഭാഗത്തോ ഒന്നിലധികം സന്ധികളിലോ ഒരേ സമയം വേദന വരാനും സാധ്യതയുണ്ട്.
2. രാവിലെ ഉണ്ടാകുന്ന പിരിമുറുക്കം..
രാവിലെ എഴുന്നേല്‍ക്കുമ്പോൾ മുതല്‍ ഒരു മണിക്കൂറിലധികം ശരീരത്തിന് തോന്നുന്ന പിരിമുറുക്കവും സന്ധിവാത ലക്ഷണമാണ്. മേശയ്ക്ക് പിന്നില്‍ നിരന്തരം ഇരിക്കുമ്പോഴോ ദീര്‍ഘനേരം കാറോടിക്കുമ്പോഴോ ഒക്കെ സന്ധികളില്‍ ഇത്തരമൊരു ദൃഢത അനുഭവപ്പെടാം.
3. മൂന്ന് ദിവസത്തിലധികം നീളുന്ന നീര്..
സന്ധികളില്‍ ഉണ്ടാകുന്ന നീര് മൂന്ന് ദിവസത്തില്‍ കൂടുതല്‍ നീളുകയോ ഒരു മാസത്തില്‍ മൂന്ന് തവണയിലധികം ഇത്തരത്തില്‍ നീര് വച്ചാലോ സന്ധിവാതം സംശയിക്കാവുന്നതാണ്. നീര് വയ്ക്കുന്നിടത്ത് ചര്‍മം ചുവന്നിരിക്കുകയും ഇവിടെ നല്ല ചൂട് ഉണ്ടാകുകയും ചെയ്യും.
4. കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട്..
ഇരിക്കുന്ന ഇടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ വേദനയോ ബുദ്ധിമുട്ടോ തോന്നുന്നതും സന്ധിവാതത്തിന്‍റെ സൂചനയാണ്. സന്ധിവാതമുള്ളവര്‍ ചുറ്റിപറ്റി നടക്കാതെ ഒരിടത്തുതന്നെ കുത്തിയിരിക്കാന്‍ താൽപര്യപ്പെടും. പലതരത്തിൽ സന്ധി വാതം ഉണ്ടാകാറുണ്ട്. ഇതിനാൽ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെടുന്നവർ ഡോക്ടറെ കണ്ട് പരിശോധനകൾക്ക് വിധേയരാകേണ്ടതാണ്.