പാരമ്പര്യവും ജീവിതശൈലിയും ഉൾപ്പെടെ നിരവധി ഘടകങ്ങൾ സ്തനാർബുദ സാധ്യത കൂട്ടുന്നു. പച്ച നിറത്തിലുള്ള ഇലക്കറികൾ, നാരകഫലങ്ങൾ, ബെറിപ്പഴങ്ങൾ, കൊഴുപ്പുള്ള മത്സ്യം, പുളിപ്പിച്ച ഭക്ഷണസാധനങ്ങൾ ഇവയെല്ലാം സ്തനാർബുദത്തിൽനിന്ന് സംരക്ഷണമേകും. എന്നാൽ ചില ഭക്ഷണങ്ങളും പാനീയങ്ങളും രോഗസാധ്യത കൂട്ടുകയും ചെയ്യും.
/sathyam/media/post_attachments/hQhNrQRTXj9sReT4eTIK.jpg)
സ്തനാർബുദ സാധ്യത കൂട്ടുന്ന ഭക്ഷണങ്ങളും പാനീയങ്ങളും ഏതൊക്കെ എന്ന് നോക്കാം..
മദ്യം..
മദ്യോപയോഗം ഏഴുതരം കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്തനാർബുദം, വായിെല കാൻസർ, ഫാരിങ്സ് കാൻസർ, അന്നനാളത്തിലെ കാൻസർ, കരളിലെ അർബുദം, ലാരിങ്സ് കാൻസർ, മലാശയ അർബുദം എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു മദ്യപാനം. ലോകാരോഗ്യ സംഘടന പറയുന്നത്, സ്ത്രീകൾക്ക് മദ്യപാനം മൂലം വരാൻ സാധ്യത കൂടുതലുള്ളതാണ് സ്തനാർബുദം എന്നാണ്.
ഫാസ്റ്റ് ഫുഡ്..
പതിവായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് നിരവധി രോഗങ്ങൾ വരാനുള്ള സാധ്യത കൂട്ടും. ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി, സ്തനാർബുദം തുടങ്ങിയവ വരാൻ ഫാസ്റ്റ് ഫുഡ് കാരണമാകും. ഫ്രഞ്ച് ഫ്രൈസ്, ചിപ്സ് തുടങ്ങിയ ഫാസ്റ്റ് ഫുഡുകളിൽ കാണുന്ന അക്രിലാമൈഡിന്റെ കൂടിയ അളവ് സ്തനാർബുദ സാധ്യത കൂട്ടുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ നടത്തിയ പഠനത്തിൽ കണ്ടു. ആർത്തവമുള്ള സ്ത്രീകളിലാണ് രോഗസാധ്യത കൂടുതൽ.
വറുത്ത ഭക്ഷണങ്ങൾ..
എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ സ്തനാർബുദത്തിനു മാത്രമല്ല, പാൻക്രിയാറ്റിക് കാന്‍സർ, വായിലെയും തൊണ്ടയിലെയും അർബുദം, അന്നനാളത്തിലെ അർബുദം എന്നിവയ്ക്കുള്ള സാധ്യതയും കൂട്ടും. ചൂടുള്ള എണ്ണയിൽ ഭക്ഷണങ്ങൾ വറുക്കുമ്പോൾ അവയിൽ ഹെറ്ററോസൈക്ലിക് അമീൻസ്, പോളി സൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാർബണുകൾ, അക്രിലാമൈഡ് തുടങ്ങിയ കാൻസറിനു കാരണമാകുന്ന സംയുക്തങ്ങൾ ഉണ്ടാകുന്നു.