പ്രമേഹ രോഗികൾക്ക് കഴിക്കാമോ എന്ന് സംശയം ഉള്ള ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

New Update

പ്രമേഹം ഒരു രോഗം എന്നതിനെക്കാള്‍ ജീവിതശൈലിയുടെ ഭാഗമായി വരുന്ന അനാരോഗ്യകരമായ അവസ്ഥയാണ്. മിക്കവരിലും ഇന്ന് കണ്ടുവരുന്നത് 'ടൈപ്പ് 2' പ്രമേഹമാണ്. പ്രമേഹമുണ്ടെന്ന് കണ്ടെത്തിയതിന് ശേഷം ജീവിതരീതികളില്‍ പുലര്‍ത്തേണ്ട ജാഗ്രത വളരെ പ്രധാനപ്പെട്ടതാണ്. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.  പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. സാധാരണ പ്രമേഹരോഗികള്‍ അന്നജം കുറഞ്ഞ എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്. ഒപ്പം പ്രമേഹ രോഗികള്‍ ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം.

Advertisment

publive-image

ഒന്ന്...

പ്രമേഹ രോഗികള്‍ ചോക്ലേറ്റ് കഴിക്കാന്‍ ഭയപ്പെടാറുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുമെന്ന് ഭയന്നാണ് പലരും ചോക്ലേറ്റ് കഴിക്കാത്തത്. എന്നാല്‍ രോഗി ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം പിന്തുടരുകയാണെങ്കില്‍, പ്രതിദിനം 20- 30 ഗ്രാം വരെ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. പഞ്ചസാരയും കലോറിയും പൂരിത കൊഴുപ്പും കുറഞ്ഞ ഡാര്‍ക്ക് ചോക്ലേറ്റ് തന്നെ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണമെന്ന് മാത്രം.

രണ്ട്...

ഓറഞ്ചാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആസിഡ് അംശമുള്ള പഴങ്ങള്‍ പൊതുവേ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതാണ്. ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ ഇവ ആരോഗ്യത്തിനും ഉത്തമമാണ്. പ്രത്യേകിച്ച് വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനിം ഓറഞ്ച് സഹായിക്കും. അതിനാല്‍ പേടിക്കാതെ തന്നെ പ്രമേഹ രോഗികള്‍ക്ക് ഓറഞ്ച് കഴിക്കാം.

മൂന്ന്...

ആപ്പിള്‍ വരെ കഴിക്കാന്‍ പേടിക്കുന്ന പ്രമേഹ രോഗികള്‍ ഉണ്ട്. ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്നാണ് ചൊല്ല്. മധുരമുണ്ടെങ്കിലും പ്രമേഹരോഗികള്‍ക്കും ആപ്പിള്‍ ധൈര്യമായി കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകമാണ് ആപ്പിള്‍. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹത്തിന് മാത്രമല്ല, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ആപ്പിള്‍ പരിഹാരമാണ്.

നാല്...

പ്രമേഹരോ​ഗികൾ ദിവസവും നട്സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വരെ സഹായിക്കും. പ്രത്യേകിച്ച് ബദാമില്‍ അടങ്ങിയിരിക്കുന്ന മാഗ്നീസ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. അതിനാല്‍ ഇവയും പ്രമേഹ രോഗികള്‍ക്ക് പേടിക്കാതെ കഴിക്കാം.

Advertisment