ചർമ്മസംരക്ഷണത്തിനും കേശസംരക്ഷണത്തിനും പ്രകൃതിദത്തമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് കറ്റാർ വാഴ. ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടിയോലൈറ്റിക് എന്‍സൈമുകള്‍ മുടിയുടെ പ്രശ്നങ്ങൾ മാറി തഴച്ചു വളരാൻ സഹായിക്കുകയും മുടി പൊട്ടിപോകാനുള്ള സാദ്ധ്യത കുറയ്ക്കുകയും ചെയ്യുന്നു. കാല്‍സ്യം, സിങ്ക്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പുഷ്ടമായ കറ്റാർവാഴ ജെൽ മുടി തിളക്കവും മിനുസമുള്ളതും ആക്കാൻ സഹായിക്കും.
എന്നാൽ ഇവയിൽ മാത്രം ഒതുങ്ങുന്നതല്ല കറ്റാർ വാഴയുടെ ഗുണങ്ങൾ. പോഷകസമൃദ്ധമായ കറ്റാർവാഴയിൽ ശരീരത്തിലെ കൊഴുപ്പകറ്റുന്നതിന് സഹായകരമാകുന്ന സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ദഹനപ്രശ്നങ്ങളകറ്റാനും ശാരീരിക സുഖത്തിനുമായി കറ്റാർ വാഴ ജെൽ ശരീരത്തിനുള്ളിലെത്തുന്നത് പലതരത്തിൽ ഗുണകരമാണ്. പോഷകഗുണമാർന്ന കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ കറ്റാർ വാഴ ജെൽ ദഹനനാളത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കും. പ്രത്യേകിച്ച് വൻകുടലിനെ ശുദ്ധീകരിക്കാൻ വളരെ ഉപയോഗപ്രദമാണ്. കൂടാതെ വൈറ്റമിൻ ബിയുടെ സാന്നിദ്ധ്യം മെറ്റബോളിസം വർദ്ധിപ്പിച്ച് ദഹനപ്രക്രിയ സുഗമമാക്കും.
കറ്റാർവാഴ ജ്യൂസ്
•കറ്റാർവാഴ ജ്യൂസ് തയ്യാറാക്കുന്നതിനായി ഒരു ഗ്ളാസ് വെള്ളമെടുത്ത് അതിൽ കറ്റാർവാഴ ജെൽ ചേർക്കുക.
•ഈ വെള്ളം ചൂടാക്കി എടുക്കുക. ചൂടാക്കുന്നതിനൊപ്പം ഇളക്കാനും ശ്രദ്ധിക്കുക.
•ജെൽ മുഴുവനായി വെള്ളത്തോട് കൂടിച്ചേർന്നതിന് ശേഷം കുടിക്കാവുന്നതാണ്.
രാവിലെ വെറുംവയറ്റിൽ ഈ പാനീയം കുടിക്കുന്നതായിരിക്കും ഉചിതം. രുചി വ്യത്യാസത്തിനായി നാരങ്ങാ നീരും ചേർക്കാവുന്നതാണ്. മിതമായ അളവിൽ കുടിക്കുന്നതായിരിക്കും ഉചിതം. അല്ലെങ്കിൽ വയറിളക്കം, നിർജ്ജലീകരണം തുടങ്ങിയവ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
വൈകുന്നേരങ്ങളിലെ ചായയോടൊപ്പവും പച്ചക്കറി ജ്യൂസുകൾ, സ്മൂത്തികൾ എന്നിവയോടൊപ്പവും കറ്റാർ വാഴ ജെൽ ചേർത്ത് ഉപയോഗിക്കാവുന്നതാണ്.
കറ്റാർ വാഴ ജെൽ കഴിക്കാൻ തുടങ്ങുന്നതിനു മുമ്പ് ഒരു സെർട്ടിഫൈഡ് ഡയറ്റീഷ്യനെയോ ഡോക്ടറെയോ സമീപിച്ച്, കഴിക്കേണ്ട ശരിയായ അളവിനെക്കുറിച്ചും പാർശ്വഫലങ്ങളെക്കുറിച്ചും ചോദിച്ചറിയുന്നതായിരിക്കും ഏറ്റവും നല്ലത്.