വയറിൽ വലതുഭാഗത്തായി നെഞ്ചിന് താഴെ വേദന അനുഭവപ്പെടുന്നവർ, ചിലപ്പോഴെങ്കിലും അത് അവഗണിക്കുന്നതാണ് പതിവ്, അല്ലെങ്കിൽ ഗ്യാസ് സംബന്ധമായ പ്രശ്നമെന്ന് കരുതി സ്വയം മരുന്നു വാങ്ങി കഴിക്കുന്നവരും ഉണ്ട്. എന്നാൽ ആരോഗ്യ വിദഗദ്ധരുടെ അഭിപ്രായത്തിൽ ഈ വേദന നിസാരമായി തള്ളരുത് എന്നാണ്. പല രോഗങ്ങളുടെയും ഒരു ലക്ഷണമാവാം ഈ വേദന.നെഞ്ചിന് തൊട്ട് താഴെയായി വയറിന്റെ വലതുവശത്ത് കരൾ ഉൾപ്പടെ ദഹനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന നിരവധി അവയവങ്ങളുണ്ട്. അതിനാൽ അണുബാധയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ തുടക്കത്തിലെ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.
അപ്പെൻഡിസൈറ്റിസ്
വലതുവശത്തെ അടിവയറ്റിലെ ഒരു പ്രത്യേക ഭാഗത്ത് വേദനയുണ്ടെങ്കിൽ, അത് അപ്പെൻഡിസൈറ്റിസ് ആവാം. പനി, വയറിളക്കം, ഛർദ്ദി, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളൊക്കെ ഇതിന്റെ ലക്ഷണമാവാം. വേദന അസഹനീയമായതിനാൽ അപ്പെൻഡിക്സ് നീക്കം ചെയ്യേണ്ടിവരും.
കിഡ്നി സ്റ്റോൺ
നെഫ്രോലിത്തിയാസിസ് എന്ന് അറിയപ്പെടുന്ന വൃക്കയിലെ കല്ലുകൾ കാൽസ്യം നിക്ഷേപം മൂലം ഉണ്ടാകുന്ന ഒരു സാധാരണ രോഗമാണ്. ചെറിയ വലിപ്പത്തിലുള്ളവ മൂത്രാശയ സംവിധാനത്തിലൂടെ അനായാസം പുറന്തള്ളപ്പെടുമ്പോൾ വലിപ്പം കൂടിയവ കഠിനമായ വേദന ഉണ്ടാക്കുന്നു.
ഇറിറ്റബിൾ ബവൽ സിൻഡ്രോം
ഐ ബി എസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇറിറ്റബിൾ ബവൽ സിൻഡ്രോം ദഹനവ്യവസ്ഥയെ ബാധിക്കുന്ന രോഗാവസ്ഥയാണ്. നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഡയബറ്റിക്സ് ആൻഡ് ഡൈജസ്റ്റീവ് ആൻഡ് കിഡ്നി ഡിസീസസിന്റെ കണക്കനുസരിച്ച് യുഎസിലെ ജനസംഖ്യയുടെ 12 ശതമാനമാളുകളെ ഇത് ബാധിക്കുന്നു. കഠിനമായ വയറുവേദന, മലവിസർജ്ജനത്തിലെ മാറ്റങ്ങൾ, വയറിളക്കം, മലബന്ധം, മലത്തിൽ കഫം എന്നിവയ്ക്ക് ഇത് കാരണമാകുന്നു.
കാൻസർ
പൊക്കിളിന് മുകളിലുള്ള വയറിലെ അസ്വസ്ഥത ഒരു പക്ഷേ വയറിലെ ട്യൂമറിന്റെ ലക്ഷണമാകാം. അർബുദം മൂലം നീർവീക്കമോ നീർക്കെട്ടോ ഉണ്ടാകാനും സാദ്ധ്യതയുണ്ട്. വേദന, ദഹനക്കേട്, നെഞ്ചെരിച്ചിൽ എന്നിവ പ്രാരംഭ ഘട്ടത്തിൽ വയറ്റിലെ ക്യാൻസറിന്റെ പ്രാഥമിക ഘട്ടങ്ങളിലെ ലക്ഷണങ്ങളാവാം.