തണുപ്പ് കാലമായാല്‍ ശരീരത്തിന്‍റെ താപനില കുറയുന്നതോടെ രക്തചംക്രമണം മന്ദഗതിയിലാകുകയും എല്ലുകള്‍ക്കും സന്ധികള്‍ക്കും മറ്റും വേദനയുണ്ടാകുകയും ചെയ്യും. മുടി കൊഴിച്ചില്‍ പോലുള്ള സൗന്ദര്യ പ്രശ്നങ്ങളും ഈ കാലഘട്ടത്തില്‍ കൂടുതലായിരിക്കും. ഇതിനെയെല്ലാം മറികടക്കാന്‍ ഭക്ഷണക്രമത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ഉദാഹരണത്തിന് മഞ്ഞുകാലത്ത് ദിവസവും രണ്ട് മുട്ട കഴിക്കുന്നത് പലവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാം. മുട്ടയിലെ പ്രോട്ടീന്‍ ശരീരത്തിന്‍റെ കരുത്തും ഒപ്പം പ്രതിരോധശേഷിയും വര്‍ധിപ്പിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി6, ബി12 എന്നിവ ജലദോഷം, പനി തുടങ്ങിയ പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കും. എല്ലുകള്‍ക്കും മുട്ട വളരെ പ്രയോജനപ്രദമാണ്.
മുട്ടയിലെ വൈറ്റമിന്‍ ഡിയും സിങ്കും ലുടെയ്ന്‍, സിയസാന്തിന്‍ തുടങ്ങിയ ഘടകങ്ങളെ വര്‍ധിപ്പിച്ച് എല്ലുകളെ ഉള്ളില്‍ നിന്ന് കരുത്തുറ്റതാക്കും. സന്ധിവാതം, എല്ലുകളുടെ വേദന തുടങ്ങിയവ ലഘൂകരിക്കാന്‍ ഇത് വഴി സാധിക്കും. തണുപ്പ് കാലത്ത് പലയിടങ്ങളിലും കാര്യമായി സൂര്യപ്രകാശം ലഭിച്ചെന്ന് വരില്ല. ഇത്തരം സാഹചര്യങ്ങള്‍ വൈറ്റമിന്‍ ഡി അഭാവത്തിലേക്ക് നയിക്കാം.
ഒരു മുട്ടയില്‍ 8.2 മൈക്രോഗ്രാം വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്. ഇത് ഒരു ദിവസം ശുപാര്‍ശ ചെയ്യപ്പെടുന്ന വൈറ്റമിന്‍ ഡി അളവായ 10 മൈക്രോഗ്രാമിന്‍റെ 82 ശതമാനം വരും. രണ്ട് മുട്ട കഴിക്കുന്നതിലൂടെ ഒരു ദിവസം ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ഡി വളരെ എളുപ്പം ലഭ്യമാക്കാന്‍ സാധിക്കും. ഒരു മുട്ടയില്‍ 0.6 മൈക്രോഗ്രാം വൈറ്റമിന്‍ ബി12വും അടങ്ങിയിരിക്കുന്നു.