ശരീരോഷ്മാവ് നിയന്ത്രിക്കുന്നതിലും സന്ധികള്‍ക്ക് അയവ് നല്‍കുന്നതിലും ശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിലും വെള്ളം സുപ്രധാന പങ്ക് വഹിക്കുന്നു. ഒരു പ്രായപൂര്‍ത്തിയായ മനുഷ്യന്‍ ഒരു ദിവസം കുറഞ്ഞത് രണ്ട് ലീറ്റര്‍ വെള്ളമെങ്കിലും കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കും.
ശരീരത്തിലെ ദ്രാവകങ്ങളുടെ തോത് താഴുമ്പോൾ സെറം സോഡിയം തോത് മുകളിലേക്ക് പോകുമെന്നും ഇത് മാറാരോഗങ്ങള്‍ക്കും അകാല മരണത്തിനും കാരണമാകാമെന്നും ഇബയോമെഡിസിനില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്സ് ഓഫ് ഹെല്‍ത്ത് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍.
ഉയര്‍ന്ന സെറം സോഡിയം തോത് ഉള്ളവരില്‍ ശ്വാസകോശവും ഹൃദയവുമായി ബന്ധപ്പെട്ട രോഗ സാധ്യതയും, കോശങ്ങള്‍ക്ക് പ്രായമേറി പെട്ടെന്ന് മരണപ്പെടാനുള്ള സാധ്യതയും കുറഞ്ഞ സോഡിയം തോതുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് ഇവിടുത്തെ ഗവേഷകര്‍ പറയുന്നു.
ലീറ്ററിന് 135-146 മില്ലി ഇക്വലന്‍റ്സ് ആണ് സാധാരണ സെറം സോഡിയം തോത്. 142 ന് മുകളില്‍ സെറം സോഡിയം തോതുള്ളവര്‍ക്കാണ് ഹൃദയാഘാതം, പക്ഷാഘാതം, രക്തധമനികളുമായി ബന്ധപ്പെട്ട രോഗങ്ങള്‍, ശ്വാസകോശരോഗം, പ്രമേഹം, മറവിരോഗം എന്നിവയുടെ സാധ്യത അധികമായി കാണപ്പെട്ടത്. ഇവരെ അപേക്ഷിച്ച് 138-140 തോതില്‍ സെറം സോഡിയം തോതുള്ളവര്‍ക്ക് മാറാ രോഗങ്ങള്‍ക്കുള്ള സാധ്യത കുറവായിരുന്നു.