മസ്തിഷ്കം ശരിയായി പ്രവർത്തിക്കാനും ആരോഗ്യകരമായി നിലനിൽക്കാനും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ തലച്ചോറിനെ സംരക്ഷിക്കാൻ സഹായിക്കുമെന്നും അൽഷിമേഴ്‌സ്, ഡിമെൻഷ്യ എന്നിവയ്ക്കുള്ള സാധ്യതയെ കുറയ്ക്കുമെന്നും ആണ് പഠനങ്ങള്‍ പറയുന്നത്. വേണ്ടത്ര പോഷകങ്ങൾ അടങ്ങിയിട്ടില്ലാത്ത ഭക്ഷണരീതി പിന്തുടർന്നവരിൽ ഓർമശക്തി കുറവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും കണ്ടെത്തിയതായും പഠനങ്ങള്‍ പറയുന്നു.
ഒന്ന്...
മുട്ടയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയതാണ് മുട്ട. ഇവ തലച്ചോറിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കും.
രണ്ട്...
മത്സ്യം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അവശ്യ ഫാറ്റി ആസിഡുകൾ (ഇഎഫ്എ) ശരീരത്തിന് നിർമ്മിക്കാൻ കഴിയില്ല, അതായത് അവ ഭക്ഷണത്തിലൂടെ ലഭിക്കണം. അതിനാല്‍ ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഡിമെൻഷ്യ, അൽഷിമേഴ്സ് രോഗം, ഓർമ്മക്കുറവ് എന്നിവയ്ക്കുള്ള അപകടസാധ്യത കുറയ്ക്കും.
മൂന്ന്...
തൈര് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക് ഭക്ഷണമാണ് തൈര്. അതിനാല്‍ തന്നെ ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കൂടാതെ ദിവസവും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും വയറിന്‍റെയും കുടലിന്‍റെയും ആരോഗ്യത്തെ നിലനിര്‍ത്താനും സഹായിക്കും.
നാല്...
ചീരയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫോളേറ്റ്, പ്രോട്ടീന്‍, മഗ്നീഷ്യം, വിറ്റാമിന്‍ ബി, സി തുടങ്ങിയവ അടങ്ങിയ ചീര തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഇവ കഴിക്കുന്നത് നല്ലതാണ്.
അഞ്ച്...
തക്കാളിയാണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തക്കാളിയിൽ കാണപ്പെടുന്ന ശക്തമായ ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ ഡിമെൻഷ്യ, അൽഷിമേഴ്‌സ് എന്നിവയില്‍ നിന്ന് സംരക്ഷിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ആറ്...
മത്തങ്ങയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ എ, ബി, സി, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ മത്തങ്ങ തലച്ചോറിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കും.