മുടിയ്ക്ക് ഉള്ള് ഉണ്ടാക്കാൻ പുതിയ മുടി മുളച്ച് വളരണം. ഇതാണ് പലർക്കും നടക്കാത്തത്. മുടി കൊഴിയുന്നതിനൊപ്പം പുതിയ മുടികൾ വളരാതെ വരുന്നു. ഇത് മുടിയുടെ ഉള്ള് കുറയ്ക്കുന്നു. മുടി സംരക്ഷിക്കാനും പുതിയ മുടി വളരാനും സഹായിക്കുന്ന ഒരു ഹെയർ പാക്ക് നോക്കാം. നിമിഷ നേരം കൊണ്ട് ഇത് വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയും.
ആവശ്യമായ സാധനങ്ങൾ
1, ഫ്‌ളാക്‌സ് സീഡുകൾ
2, ഉള്ളി നീര്
3, ഉലുവ
ഫ്‌ളാക്സ് സീഡുകൾ മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ മുടി കൊഴിച്ചിൽ അകറ്റാനും മുടി വളരാനും സഹായിക്കുന്നു. ഉള്ളി നീര് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ഉള്ളി നീരിൽ അടങ്ങിയിരിക്കുന്ന സൾഫർ തലയിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നു. തന്മൂലം മുടിയുടെ വളർച്ച കൂടുതൽ വേഗത്തിലാകുന്നു. ഈസ്‌ട്രജനാൽ സമ്പുഷ്ടമായ ഉലുവ മുടിയുടെ ആരോഗ്യത്തിന് മികച്ചൊരു മരുന്നാണ്.
തയ്യാറാക്കുന്ന വിധം
ആദ്യം ഉലുവ കുതിർക്കുക. ശേഷം ഫ്‌ളാക്സ് സീഡുകൾ നല്ലപോലെ തിളപ്പിച്ച് തുണി ഉപയോഗിച്ച് അതിൽ നിന്ന് ജെൽ എടുക്കുക. കുതിർത്ത ഉലുവ അരച്ച ശേഷം ഇതിലേയ്ക്ക് മറ്റ് രണ്ട് ചേരുവകൾ ചേർത്തിളക്കുക. വരണ്ട മുടിയുള്ളവർക്ക് ഇതിൽ തെെരും ചേർക്കാം. ഇതൊല്ലാം ചേർത്തിളക്കി ഹെയർ പാക്കായി ഉപയോഗിക്കാം. ഇത് മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും നല്ലതാണ്. പുതിയ മുടി വളരാനും സഹായിക്കുന്നു.