പല ഗവേഷണങ്ങളും അനുസരിച്ച് പ്രഭാതഭക്ഷണം ദിവസത്തിലെ ആദ്യത്തെ അത്യാവശ്യ ഭക്ഷണമാണ്. അതിനാൽ ഇത് എല്ലായ്പ്പോഴും കൃത്യസമയത്ത് കഴിക്കണം. വ്യത്യസ്ത ഭക്ഷണശീലങ്ങളും ഡയറ്റുമൊക്കം മൂലം പലരും പ്രഭാതഭക്ഷണത്തിന് വലിയ പ്രധാന്യമൊന്നും കൊടുക്കാറില്ലെങ്കിലും ഒരിക്കലും രാവിലെയുള്ള ഭക്ഷണം ഒഴിവാക്കരുതെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. ദീർഘകാലം പ്രഭാത ഭക്ഷണം ഒഴിവാക്കുമ്പോൾ അമിതദേഷ്യം, മലബന്ധം,മുടി കൊഴിച്ചിൽ എന്നിവയ്ക്ക് കാരണമാകുന്നു.
പ്രഭാത ഭക്ഷണം ഒഴിവാക്കിയതുകൊണ്ട് ശരീരത്തിന് ഒരു നേട്ടവും ഉണ്ടാകുന്നില്ലെന്ന് വിദ​ഗ്ധർ പറയുന്നു. ഭക്ഷണത്തിനിടയിൽ നീണ്ട ഇടവേളകൾ ഉണ്ടെങ്കിൽ, അത് തലവേദന, മൈഗ്രെയ്ൻ, ഉത്കണ്ഠ എന്നിവയ്ക്ക് കാരണമാകും.പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഹൃദ്രോഗ സാധ്യത 27 ശതമാനം വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു.രാത്രി മണിക്കൂറുകളോളം ഭക്ഷണം ഉപേക്ഷിച്ചതിനു ശേഷം നമ്മൾ കഴിക്കുന്ന ഒരു ദിവസത്തെ ആദ്യത്തെ ഭക്ഷണമാണ് പ്രഭാതഭക്ഷണം. പ്രഭാതഭക്ഷണം കഴിക്കുന്നതിലൂടെ വിശപ്പ് കുറയ്ക്കുകയും ദിവസം മുഴുവൻ ഊർജം പ്രദാനം ചെയ്യുകയും ചെയ്യുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിലെ മൈക്രോ ന്യൂട്രിയൻറിനെയും ബാധിക്കുന്നു.
വിവിധ പഠനങ്ങൾ അനുസരിച്ച്, പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നത് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. കാരണം ഇത് ദീർഘകാല ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകും. പ്രഭാതഭക്ഷണം കഴിച്ചില്ലെങ്കിൽ ഇൻസുലിൻ അളവ് കുറയുകയും ഉച്ചഭക്ഷണത്തിന് ശേഷം വർദ്ധിക്കുകയും ചെയ്യും. ഇത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും.
ചില പ്രഭാതഭക്ഷണങ്ങൾ നിങ്ങൾക്ക് തലച്ചോറിന് ഉത്തേജനം നൽകുകയും ഹ്രസ്വകാല ഓർമ്മശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വിവിധ പഴങ്ങളും പച്ചക്കറികളും, കൊഴുപ്പ് കുറഞ്ഞതും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങൾ കലർന്ന ആരോഗ്യകരമായ പ്രഭാതഭക്ഷണം ഏകാഗ്രത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.