സെക്‌സി പൈനാപ്പിള്‍ ഡയറ്റ് എടുത്താൽ ശരീരഭാരം കുറയുമോ? ഇതിനെപ്പറ്റി കൂടുതലറിയാം..

New Update

പെട്ടെന്ന് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഒരുപക്ഷെ പൈനാപ്പിള്‍ ഡയറ്റിനെക്കുറിച്ച് കേട്ടിട്ടുണ്ടാകും. 1970ല്‍ സ്റ്റെന്‍ ഹെഗേലര്‍ എന്ന ഡാനിഷ് സൈക്കോളജിസ്റ്റ് വികസിപ്പിച്ചതാണ് സെക്‌സി പൈനാപ്പിള്‍ ഡയറ്റ് എന്നുവിളിക്കുന്ന ഈ ആഹാരക്രമം. ആഴ്ചയില്‍ രണ്ട് ദിവസം പൈനാപ്പിള്‍ മാത്രം കഴിക്കുകയും ബാക്കി ദിവസങ്ങളില്‍ സാധാരണപോലെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നതാണ് ഈ ഡയറ്റിന്റെ രീതി. ചിലര്‍ രണ്ട് ദിവസമെന്നത് മൂന്നും അതിലധികവും ആക്കാറുണ്ട്.

Advertisment

publive-image

പൈനാപ്പിള്‍ ഡയറ്റ് എങ്ങനെ?

ആഴ്ചയില്‍ ചില ദിവസങ്ങളില്‍ പൈനാപ്പിള്‍ മാത്രം കഴിക്കുന്നതുകൊണ്ട് ആ ദിവസങ്ങളിലെ കലോറി ഉപഭോഗം 500 ആയി പരിമിതപ്പെടുത്തുക എന്നതാണ് ഗുണം. ഇപ്പോള്‍ പലരും പരീക്ഷിക്കുന്ന ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്ങ് പോലതന്നെയാണ് പൈനാപ്പിള്‍ ഡയറ്റും പ്രവര്‍ത്തിക്കുന്നത്. ആഴ്ചയില്‍ കുറച്ചുദിവസം 500-600 കിലോ കലോറിയില്‍ ഒതുക്കുന്നത് ഇന്‍സുലിന്‍ പ്രതിരോധം നിയന്ത്രിക്കാന്‍ സഹായിച്ചേക്കാം. ഇതുകൂടാതെ പൈനാപ്പിളില്‍ ബ്രോമെലൈന്‍ എന്നൊരു എന്‍സൈം അടങ്ങിയിട്ടുണ്ട്. ഇത് പ്രോട്ടീന്‍ ദഹനത്തിന് സഹായിക്കുന്നതാണ്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിച്ചേക്കാം.

വിറ്റാമിന്‍ സി, ബി6 എന്നിവയാല്‍ സമ്പന്നമാണ് പൈനാപ്പിള്‍. കോപ്പര്‍, മാംഗനീസ് തുടങ്ങിയ ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതുവഴി ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുകയും വയറ് നിറഞ്ഞതായി തോന്നുകയും ചെയ്യാം. കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവയുടെ മെറ്റബോളിസവുമായി മാംഗനീസ് ബന്ധപ്പെട്ടിരിക്കുന്നു. നിരവധി എന്‍സൈമുകളുടെ പ്രവര്‍ത്തനത്തിലും അസ്ഥികളുടെ ആരോഗ്യത്തിലും ഇത് നിര്‍ണായക പങ്ക് വഹിക്കും. ആന്റിഓക്‌സിഡന്റുകളുടെ ഉല്‍പാദനത്തിനും ഇത് ആവശ്യമാണ്.

ഫലപ്രദമാണോ?

പലര്‍ക്കും വ്യത്യസ്ത ഉപാപചയ പ്രതികരണമായതുകൊണ്ട് കുറച്ചുദിവസം കൊണ്ട് പെട്ടെന്ന് ഭാരം കുറയ്ക്കാം എന്ന ആശയം ഫലപ്രദമാകണമെന്നില്ല. അതുമല്ല പെട്ടെന്ന് കുറയ്ക്കുന്ന ശരീരഭാരം പിന്നീട് ശ്രദ്ധിക്കാതിരുന്നാല്‍ പോയ സ്പീഡില്‍ തിരിച്ചുവരും എന്നാണ് പറയുന്നത്. പൈനാപ്പിള്‍ ഡയറ്റിനെ സുസ്ഥിരമായ ഒന്നായി കണക്കാക്കാന്‍ കഴിയില്ല, അതുമല്ല സാധാരണ ഭക്ഷണം കഴിക്കാം എന്നുപറയുന്ന ദിവസങ്ങളില്‍ ആഹാരക്രമം എങ്ങനെ ചിട്ടപ്പെടുത്തണമെന്ന് ഇതില്‍ വിവരിക്കുന്നില്ല.

മാംഗനീസ് അനിവാര്യമായ പോഷകങ്ങളില്‍ ഒന്നാണെങ്കിലും അതിന്റെ പ്രവര്‍ത്തനം ഫലപ്രദമാകണമെങ്കില്‍ പ്രോട്ടീന്റെയും കാര്‍ബോഹൈഡ്രേറ്റിന്റെയും പിന്തുണ വേണം, അല്ലാത്തപക്ഷെ ഇവയുടെ പ്രയോജനം പരിമിതമായിരിക്കും. അതുമാത്രമല്ല പൈനാപ്പിളിലെ ബ്രോമെലൈന്‍ സാന്നിധ്യം അവയുടെ തണ്ടിലും കാമ്പിലും തൊലിയിലുമാണ് അടങ്ങിയിട്ടുള്ളത്. സാധാരണഗതിയില്‍ എല്ലാവരും ഇത് ചെത്തിക്കളഞ്ഞിട്ടാണ് പൈനാപ്പിള്‍ കഴിക്കുന്നത്. അതുകൊണ്ട് ബ്രോമെലൈന്റെ പ്രയോജനവും എത്രമാത്രം ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല. മാത്രവുമല്ല ഈ ഡയറ്റ് ശരീരഭാരം കുറയ്ക്കുമെന്ന കാര്യത്തില്‍ വ്യക്തമായ തെളിവുകളൊന്നും ലഭ്യവുമല്ല.

Advertisment