വ്യത്യസ്തമായ പുത്തന്‍ ഭക്ഷണ വിഭവങ്ങൾ എവിടെ കേട്ടാലും അതൊന്ന് പരീക്ഷിച്ച് നോക്കുക എന്നത് ഇപ്പോൾ നമുക്ക് ഒരുതരം ഹരമാണ്. പുത്തന്‍ വിഭവങ്ങൽ എവിടെ ലഭിക്കുന്നു എന്നറിഞ്ഞാലും അതോന്നു പരീക്ഷിച്ചുനോക്കാതെ സമാധാനം വരാത്തെ 'കട്ട ഫുട്‌ടി' ആയിട്ടുള്ളവരുമുണ്ട് നമുക്കിടയിൽ. അത്തരത്തിൽ ഒരു "സ്വർണ സാന്‍വിച്ച്" തന്നെ ആയാലോ..??
ഞെട്ടേണ്ട....സംഭവം ഇവിടെയൊന്നുമല്ല അങ്ങ് ദൂരെ ന്യൂയോർക്കിലെ സെറിന്‍ഡിപ്പറ്റി 3 എന്ന ഹോട്ടലിലാണ് ഈ മഹാ സംഭവം. സാൻവിച്ചിനുള്ളിൽ ഫ്രഞ്ച് പുൾമാൻ ഷാംപെയ്ൻ ബ്രെഡിൽ എഡിബിൾ ആയിട്ടുള്ള സ്വർണശകലങ്ങൾ ഉണ്ടെന്നാണ് ഇവരുടെ വാദം.
ഇതുകൂടാതെ സാന്‍വിച്ചിന്‍റെ ഒരോ ലയറുകളിലും സ്വർണത്തിന്‍റെ അടരുകളുണ്ട്. സാന്‍വിച്ച് ഉണ്ടാക്കിയിരിക്കുന്നത് വൈറ്റ് ട്രഫിൾ ബട്ടർ, ക്യാഷിയോ കാവല്ലോ പോഡോലിക്കോ ചീസ് എന്നിവ ഉപയോഗിച്ചാണ്. 17,000 രൂപയാണ് ഒരു സാന്‍വിച്ചിന്‍റെ വില. ലോകത്തിലെ ഏറ്റവും വിലകൂടിയ സാന്‍വിച്ച് എന്ന ഗിന്നസ് റെക്കോഡും നമ്മുടെ "സ്വർണ സാന്‍വിച്ചിന്" സ്വന്തം.
തീർന്നില്ല.... ഇത് കഴിക്കണമെങ്കിൽ 48 മണിക്കൂർ കാത്തിരിക്കണം. ഓർഡർ ചെയ്ത് 48 മണിക്കൂർ നേരം കുറഞ്ഞത് വേണം ഇതിന് വേണ്ട ചേരുവകൾ ചേർത്ത് പാകം ചെയ്തെടുക്കാന്‍. ജോ കാൾഡറോൺ ആണ് ഈ സാൻഡ്‌വിച്ചിന്‍റെ സൃഷ്ടാവ്. ഇതാദ്യമായല്ല കാൾഡറോണിന്‍റെ വിഭവം ഗിന്നസ് റെക്കോർഡ് നേടുന്നത്. ലോകത്തെ ഏറ്റവും വില കൂടിയ ബർഗറും മിൽക്ക് ഷെയ്ക്കും സൺഡേയുമെല്ലാം കാൽഡറോണിന്‍റെ കരവിരുതിൽ സെറൻഡിപ്പിറ്റിയുടെ അടുക്കളയിൽ ഉണ്ടായതാണ്.