തണുപ്പുകാലത്ത് ചർമ്മം വരണ്ട് പൊട്ടുന്നത് സാധാരണമാണ്. പ്രത്യേകിച്ച് മുഖചർമ്മവും കൈകാലുകളുടെ മുട്ടുകളും മറ്റും. മുഖചർമ്മത്തിൽ വരണ്ടുപൊട്ടൽ മാത്രമല്ല വേറെ പല പ്രശ്നങ്ങളും തണുപ്പുകാലത്ത് ഉടലെടുക്കാറുണ്ട്. ഇവയ്ക്കെല്ലാം പരിഹാരമായി മോസ്ചറൈസർ പുരട്ടുന്നവരായിരിക്കും പലരും. ചർമ്മം വരണ്ട് പോകാതെ നിലനിർത്താനായി പലപ്പോഴും മോസ്ചറൈസറുകൾ സഹായിക്കുമെങ്കിലും ഇവ തേച്ചു പിടിപ്പിക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.
സൺസ്ക്രീൻ
മോസ്ചറൈസറുകൾ പോലെ തന്നെ ചർമ്മത്തിന് ഏറെ സഹായകരമായവ ആണ് സൺസ്ക്രീനുകൾ. ചർമ്മത്തെ അൾട്രാ വയലറ്റ് കിരണങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനും പിഗ്മെന്റേഷൻ കുറയ്ക്കുന്നതിനും ചർമ്മത്തിലെ കരുവാളിപ്പ് ഒഴിവാക്കാനുമാണ് സൺസ്ക്രീൻ ഉപയോഗിച്ച് വരുന്നത്. അത് പോലെ തന്നെ ചർമ്മത്തിൽ രണ്ട് തരം നിറം വരുന്നത് ഒഴിവാക്കാനായി മോസ്ചറൈസർ പുരട്ടുന്നതിന് മുൻപ് സൺസ്ക്രീൻ ഉപയോഗിക്കാവുന്നതാണ്.
സ്ക്രബിംഗ്
ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ ഏറെ സഹായകരമാണ് സ്ക്രബിംഗ്. പുതിയ ചർമ്മകോശങ്ങളുടെ വളർച്ചയുടെ നിരക്കിനെയും സ്ക്രബിംഗ് ബാധിക്കും. മുഖത്തെ ചുളിവുകൾ മാറുന്നതിനും തിളക്കം നിലനിർത്തുന്നതിനും ഈ മാർഗം സഹായിക്കുന്നതാണ്. ഇതിനോടെല്ലാമൊപ്പം ആഴ്ചയിലൊരിക്കൽ സ്ക്രബിംഗിന് വിധേയമാകുന്ന ചർമ്മത്തിൽ മോസ്ചറൈസ് പുരട്ടുന്നതായിരിക്കും ഉചിതം.
നന്നായി ഉറങ്ങുക
മോസ്ചറൈസർ ഉപയോഗിക്കുന്നത് കൊണ്ടുള്ള മാറ്റം ആരോഗ്യകരമായ ചർമ്മത്തിലായിരിക്കും മികച്ച രീതിയിൽ പ്രകടമാവുക. അതിനായി തീർച്ചയായും പുലർത്തേണ്ട ശീലങ്ങളിൽ ഒന്നാണ് കൃത്യമായ ഇടവേളകളിലെ ഉറക്കം. കൃത്യമായ ഉറക്കത്തിന് ശേഷമുള്ള ദിവസങ്ങളിൽ മേയ്ക്കപ്പും മോസ്ചറൈസറും ഉപയോഗിക്കുമ്പോഴായിരിക്കും ചർമ്മത്തിന് തിളക്കം ലഭിക്കുക. കൂടാതെ തന്നെ കണ്ണുകൾക്ക് ചുറ്റുമുള്ള കറുപ്പ്, ചർമ്മത്തിലെ നിറം മങ്ങൽ എന്നിവയ്ക്കും കൃത്യമായ ഉറക്കത്തിലൂടെ മാറ്റമുണ്ടാകുന്നതായിരിക്കും.