ലോകമെമ്പാടുമുള്ള മരണങ്ങളുടെ ഒരു പ്രധാന കാരണമാണ് കാന്‍സര്‍. പുകവലി, ഭക്ഷണക്രമം (വറുത്ത ഭക്ഷണങ്ങള്‍), മദ്യം, സൂര്യപ്രകാശം, പരിസ്ഥിതി മലിനീകരണം, അണുബാധകള്‍, സമ്മര്‍ദ്ദം, അമിതവണ്ണം തുടങ്ങിയ ചില ജീവിതശൈലി ഘടകങ്ങള്‍ കാന്‍സറിനുള്ള അപകട ഘടകങ്ങളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
അര്‍ബുദവുമായി ബന്ധപ്പെട്ട എല്ലാ മരണങ്ങളിലും ഏതാണ്ട് 25-30% പുകയില മൂലമാണെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. 30-35% വരെ ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏകദേശം 15-20% അണുബാധകള്‍ മൂലമാണ്, ബാക്കിയുള്ള ശതമാനം കാരണം റേഡിയേഷന്‍, സമ്മര്‍ദ്ദം, പരിസ്ഥിതി മലിനീകരണം തുടങ്ങിയവയാണെന്നും പഠനങ്ങള്‍ പറയുന്നു.
കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിന് ജീവിതശൈലിയില്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍…
ആരോഗ്യകരമായ ഭക്ഷണക്രമം നിലനിര്‍ത്തുന്നത് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതില്‍ നിര്‍ണായകമാണ്. പഴങ്ങളും പച്ചക്കറികളും അടങ്ങിയതും സംസ്‌കരിച്ച ഭക്ഷണങ്ങളും ചുവന്ന മാംസവും കുറഞ്ഞതുമായ ഭക്ഷണം കഴിക്കുന്നത് കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കും. പഴങ്ങളിലും പച്ചക്കറികളിലും പലതരം വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. അതേസമയം സംസ്‌കരിച്ച ഭക്ഷണങ്ങളും ചുവന്ന മാംസവും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു.
കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിന് വ്യായാമം അത്യാവശ്യമാണ്. സ്തനാര്‍ബുദം, വന്‍കുടല്‍ അര്‍ബുദം ഉള്‍പ്പെടെ പല തരത്തിലുള്ള കാന്‍സറുകളുടെ സാധ്യത കുറയ്ക്കാന്‍ വ്യായാമം സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വേഗത്തിലുള്ള നടത്തം, സൈക്ലിംഗ് അല്ലെങ്കില്‍ നീന്തല്‍ പോലെയുള്ള മിതമായ ഏതെങ്കിലും വ്യായാമം പ്രതിദിനം 30 മിനുട്ട് ചെയ്യുക. സ്ഥിരമായ വ്യായാമം കാന്‍സര്‍ സാധ്യത കുറയ്ക്കുക മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള മരണങ്ങളുടെ മറ്റൊരു പ്രധാന കാരണം പുകയിലയുടെ ഉപയോഗമാണ്. മാത്രമല്ല കാന്‍സര്‍ മരണങ്ങളില്‍ പകുതിയോളം കാരണവുമാണ്. കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളില്‍ ഒന്നാണ് പുകവലി ഉപേക്ഷിക്കുന്നത്. വായിലെയും ശ്വാസകോശത്തിലെയും കാന്‍സറിന് പുറമേ, മൂത്രസഞ്ചി, പാന്‍ക്രിയാസ്, തൊണ്ടയിലെ കാന്‍സര്‍ എന്നിവയുള്‍പ്പെടെ മറ്റ് പലതരം കാന്‍സറുകളുടെ അപകടസാധ്യത പുകവലിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
അമിതമായ മദ്യപാനം സ്തനാര്‍ബുദം, വന്‍കുടല്‍, കരള്‍ അര്‍ബുദം എന്നിവയുള്‍പ്പെടെ പല തരത്തിലുള്ള ക്യാന്‍സറിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. കാന്‍സറിന് പുറമേ, അമിതമായ മദ്യപാനം കരള്‍ രോഗങ്ങളും ഹൃദ്രോഗവും ഉള്‍പ്പെടെയുള്ള മറ്റ് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും.
ത്വക്ക് കാന്‍സര്‍ തടയുന്നതിന് സൂര്യനില്‍ നിന്നുള്ള സംരക്ഷണം അത്യാവശ്യമാണ്. സ്വയം പരിരക്ഷിക്കുന്നതിന്, കുറഞ്ഞത് 30 SPF ഉള്ള ഒരു സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. സംശയാസ്പദമായ മോളുകളോ പാടുകളോ കണ്ടാല്‍ ഡെര്‍മറ്റോളജിസ്റ്റിനെക്കൊണ്ട് പരിശോധിക്കേണ്ടതും പ്രധാനമാണ്.