അൽഷിമേഴ്സ് രോഗം വരാനുള്ള സാധ്യത മൂന്നരവർഷം മുമ്പേ അറിയാനാവുമെന്ന് പുതിയ കണ്ടെത്തൽ; ഈ പരിശോധനാരീതിയുടെ പ്രത്യേകതകൾ അറിയാം..

New Update

രക്തപരിശോധനയിലൂടെ അൽഷിമേഴ്സ് രോഗവും കണ്ടെത്താമെന്ന് പുതിയ പഠനങ്ങൾ. രോഗം വരാനുള്ള സാധ്യത ക്ലിനിക്കൽ പരിശോധനയിലൂടെ കണ്ടെത്തുന്നതിന് മൂന്നരവർഷംമുമ്പേ അറിയാനാവുമെന്നതാണ് പുതുതായി വികസിപ്പിച്ചെടുത്ത പരിശോധനാരീതിയുടെ പ്രത്യേകത. ‘ബ്രെയിൻ ജേണലി’ൽ പ്രസിദ്ധീകരിച്ച ഗവേഷണലേഖനത്തിലാണ് ഇക്കാര്യമുള്ളത്.

Advertisment

publive-image

തലച്ചോറിലെ പുതിയകോശങ്ങളുടെ രൂപവത്കരണത്തിൽ രക്തത്തിലെ പദാർഥങ്ങൾക്ക് പങ്കുണ്ട്. ന്യൂറോജെനിസിസ് എന്നാണ് ഈ പ്രക്രിയക്ക് പറയുക. പഠിക്കാനും ഓർമിക്കാനും നമ്മളെ സഹായിക്കുന്ന തലച്ചോറിന്റെ ഭാഗമായ ഹിപ്പോകാമ്പസിലാണ് ന്യൂറോജെനിസിസ് നടക്കുന്നത്.

അൽഷിമേഴ്സ് രോഗത്തിന്റെ ആദ്യഘട്ടം ബാധിക്കുന്നത് ഹിപ്പോകാമ്പസിൽ പുതിയ കോശങ്ങൾ  ഉണ്ടാകുന്നതിനെയാണ്. ചെറിയതോതിൽ ഓർമക്കുറവ് കാണിച്ചുതുടങ്ങിയ 56 പേരുടെ രക്തം പലവർഷങ്ങളായി തുടർച്ചയായി പരിശോധിച്ചു. 36 പേർക്ക് പിന്നീട് അൽഷിമേഴ്സ് സ്ഥിരീകരിച്ചു.

ഇവരുടെ രക്തപരിശോധനാഫലങ്ങളിൽ കോശവളർച്ചയും വിഭജനവും കുറഞ്ഞുവരുന്നതായി കണ്ടെത്തിയിരുന്നു. രോഗം ക്ലിനിക്കൽ പരിശോധനയിലൂടെ സ്ഥിരീകരിക്കുന്നതിന് മൂന്നരവർഷം മുമ്പാണ് ഈമാറ്റങ്ങൾ കണ്ടെത്തിയത്.

Advertisment