സ്ത്രീകളിൽ ലൈംഗികാരോഗ്യം നിലനിർത്തണമെങ്കിൽ ഹോർമോണുകൾ കൂടിയേ തീരൂ. ഗർഭം, അണ്ഡോൽപാദനം, ആർത്തവചക്രം ഇവയെല്ലാം നിയന്ത്രിക്കുന്നത് ഹോർമോണുകളാണ്. ഹോർമോൺ അസന്തുലനം സ്ത്രീകളുടെ ലൈംഗികാരോഗ്യത്തെ ബാധിക്കും.
ടെസ്റ്റോസ്റ്റീറോൺ
സ്ത്രീകളിലെ ലൈംഗിക തൃഷ്ണയെ സ്വാധീനിക്കുന്ന പ്രധാന ഹോർമോൺ ആണ് ടെസ്റ്റോസ്റ്റീറോൺ. ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയുന്നത് ലൈംഗികാസക്തിയെയും ലൈംഗിക താൽപര്യത്തെയും കുറയ്ക്കും. യോനിയുടെ ആരോഗ്യം ഈസ്ട്രജൻ ഹോർമോണിന്റെ അളവുമായി ബന്ധപ്പെട്ടിരിക്കുന്നു.
പ്രൊജസ്ട്രോൺ
സ്ത്രീകളിലെ ലൈംഗികാരോഗ്യത്തെ സ്വാധീനിക്കുന്ന മറ്റൊരു ഹോർമോൺ ആണ് പ്രോജസ്ട്രോൺ. ആർത്തവത്തെ നിയന്ത്രിക്കുന്നതോടൊപ്പം ശരീരത്തെ ഗർഭധാരണത്തിനായി തയാറെടുപ്പിക്കുന്നതും ഈ ഹോർമോൺ ആണ്. പ്രൊജസ്ട്രോണിന്റെ അഭാവം ക്രമംതെറ്റിയ ആർത്തവത്തിനു കാരണമാകുന്നു.
തൈറോയ്ഡ്
തൈറോയ്ഡ് ഹോർമോൺ ലൈംഗികാരോഗ്യത്തിൽ പ്രധാന പങ്കു വഹിക്കുന്നു. ഇവ ശരീരത്തിന്റെ ഉപാപചയപ്രവർത്തനം നിയന്ത്രിക്കുന്നു. ഇത് ലൈംഗികതയെ ബാധിക്കും. ഹൈപ്പോ തൈറോയ്ഡിസം ക്ഷീണം, ശരീരഭാരം കൂടുക, ലൈംഗികതൃഷ്ണ കുറയുക ഇവയ്ക്ക് കാരണമാകും.
രോഗങ്ങൾ
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം, പ്രമേഹം ഇവ ഹോർമോൺ നിലയെയും ലൈംഗികാരോഗ്യത്തെയും ബാധിക്കും. ക്രമംതെറ്റിയ ആർത്തവം, വന്ധ്യത, ലൈംഗികതാൽപര്യക്കുറവ് ഇവയ്ക്കെല്ലാം പിസിഒഎസ് കാരണമാകും. പ്രമേഹവും സ്ത്രീകളിലെ ലൈംഗികതാൽപര്യക്കുറവിലേക്കു നയിക്കാം.