അറിയാം സ്തനാര്‍ബുദ്ദത്തിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

New Update

സ്ത്രീകളിലെ അര്‍ബുദങ്ങളില്‍ ഏറ്റവും വ്യാപകമായ ഒന്നാണ് സ്തനാര്‍ബുദം. ഇന്ത്യയില്‍ ഓരോ നാല് മിനിറ്റിലും ഒരു സ്ത്രീക്ക് സ്തനാര്‍ബുദം കണ്ടെത്തുന്നുണ്ടെന്നും ഓരോ എട്ട് മിനിറ്റിലും ഒരാള്‍ സ്തനാര്‍ബുദം മൂലം മരിക്കുന്നുണ്ടെന്നും കണക്കുകള്‍ പറയുന്നു. അനാരോഗ്യ ഭക്ഷണരീതി, ജനിതകപരമായ കാരണങ്ങള്‍, പ്രായം, അമിത വണ്ണം, ജീവിതശൈലി എന്നിവയെല്ലാം സ്തനാര്‍ബുദത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണ്.

Advertisment

publive-image

അറിയാം സ്തനാര്‍ബുദ്ദത്തിന്‍റെ ലക്ഷണങ്ങള്‍...

ഒരു സ്തനത്തിന്  മാത്രമായി വലിപ്പം വയ്ക്കുകയും, ഞരമ്പുകള്‍ തെളിഞ്ഞു കാണുകയും,  സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുകയും ചെയ്യുന്നത് ചിലപ്പോഴൊക്കെ സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ
സ്തനങ്ങളിൽ മുഴ, ആകൃതിയിൽ മാറ്റം വരുക, സ്തനങ്ങളിലെ ചർമ്മത്തിന് ചുവപ്പ് നിറം വരുക, വലുപ്പം വ്യത്യാസപ്പെടുക, മുലക്കണ്ണിനു ചുറ്റുമുള്ള ചർമ്മങ്ങൾ ഇളകിപ്പോകുക, മുലക്കണ്ണില്‍ നിന്ന് രക്തം പുറത്തുവരുന്ന അവസ്ഥ, മുലക്കണ്ണ് അകത്തേക്ക് വലിഞ്ഞ് പോകുന്ന അവസ്ഥ, സ്തനങ്ങളിലോ മുലക്കണ്ണിലോ വേദന, സ്തനങ്ങളിലെ ചര്‍മ്മം കട്ടിയായി വരിക, സ്തനങ്ങളിലെ ചര്‍മ്മത്തില്‍ ചെറിയ തീരെ ചെറിയ കുഴികള്‍ പോലെ കാണപ്പെടുക തുടങ്ങിയവയെല്ലാം ചിലപ്പോള്‍ രോഗത്തിന്‍റെ ലക്ഷണങ്ങളാകാം.

സ്വയം പരിശോധന എങ്ങനെ?

ശരീരത്തില്‍ പ്രകടമാകുന്ന ഇത്തരത്തിലുള്ള  സ്തനാര്‍ബുദ സൂചനകള്‍ ആരംഭത്തിലെ കണ്ടെത്താന്‍ സ്വയം പരിശോധന നടത്താം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനായി കണ്ണാടിക്ക് മുമ്പില്‍ നിന്നു കൊണ്ട് ഇരു മാറുകളും പരിശോധിക്കാം. ആദ്യം ഇടത് കൈവിരലുകള്‍ കൊണ്ട് വലത്തേ സ്തനത്തിലും അതിന് ചുറ്റിനും മൃദുവായി അമര്‍ത്തി വൃത്താകൃതിയില്‍ ചലിപ്പിച്ചുകൊണ്ട് പരിശോധിക്കുക. തടിപ്പുകളോ കല്ലിപ്പോ മുഴകളോ ഉണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. ശേഷം വലതു കൈവിരലുകള്‍ കൊണ്ട് ഇടത് സ്തനവും പരിശോധിക്കുക. മാറിടത്തിന്‍റെ ആകൃതി, വലിപ്പം എന്നിവയില്‍ എന്തെങ്കിലും വ്യത്യാസമോ, അസാധാരണത്വമോ ഉണ്ടോയെന്നാണ് നോട്ടത്തില്‍ പരിശോധിക്കേണ്ടത്. ഒപ്പം തന്നെ സ്തനങ്ങളില്‍ പാടുകള്‍, മുലഞെട്ടുകള്‍ ഒരുപോലെയാണോ, ഉള്ളിലേക്ക് വലിഞ്ഞിട്ടുണ്ടോ എന്നെല്ലാം പരിശോധിക്കുക. സ്ത്രീകള്‍ ആറ് മാസത്തിലൊരിക്കലോ, വര്‍ഷത്തിലൊരിക്കലെങ്കിലും സ്തനാര്‍ബുദമില്ലെന്ന് മെഡിക്കല്‍ പരിശോധനയിലൂടെ ഉറപ്പ് വരുത്തുന്നതും നല്ലതാണ്.

Advertisment