മാറിയ ജീവിതശൈലിയും വ്യായാമക്കുറവും ആണ് പലപ്പോഴും ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. ചീത്ത കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ രക്തധമനികളില്‍ ബ്ലോക്ക് ഉണ്ടാകാം. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും വഴി വയ്ക്കും. കൊഴുപ്പ് കൂടിയ ഭക്ഷണം, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. കൊളസ്ട്രോള്‍ കൂടുമ്പോള്‍ കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല.
കാലുകളില്‍ മരവിപ്പ്, മുട്ടുവേദന, മങ്ങിയ നഖങ്ങള്‍ തുടങ്ങിയവയൊക്കെ ചിലരില്‍ ആദ്യ ലക്ഷണമായി കാണാം. നെഞ്ചുവേദന ചിലരില്‍ കൊളസ്‌ട്രോള്‍ അധികമാകുമ്പോഴും അനുഭവപ്പെടാം. അതുപോലെ തൊലിപ്പുറത്ത് വരുന്ന തടിപ്പും ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ ലക്ഷണമാകാം. ചിലരില്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലും ചുവന്ന പാടുമെല്ലാം കാണപ്പെടാം. കയ്യിലെയും കാലിന്‍റെയും നീരും ചിലപ്പോള്‍ ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ ലക്ഷണമാകാനുള്ള സാധ്യത ഉണ്ട്. കാലിലും മസിലിന്‍റെ ഭാഗങ്ങളും തുടയിലുമൊക്കെ വേദന വരുന്നതും കൊളസ്ട്രോള്‍ കൂടുന്നതിന്‍റെ ലക്ഷണമാകാം. കണ്ണിലെ മഞ്ഞ നിറവും തള്ളിക്കളയേണ്ട.
ചിലരില്‍ ചീത്ത കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ദഹനക്കേടും വയറ്റില്‍ ഗ്യാസുമെല്ലാം ഉണ്ടാകാം. കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ രക്തപ്രവാഹം തടസപ്പെടും. ഇത് തലചുറ്റല്‍, തലവേദന തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടാക്കാം. തളര്‍ച്ചയും ക്ഷീണവും പല കാരണങ്ങള്‍ കൊണ്ടുമുണ്ടാകാമെങ്കിലും ചിലപ്പോള്‍ കൊളസ്‌ട്രോള്‍ കൂടുമ്പോഴും ഇവ ഉണ്ടാകാം.