വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ടത് എന്തെല്ലാമെന്ന് നോക്കാം...

New Update

വയറിന്‍റെ ആരോഗ്യം പോയാല്‍ അത് ആകെ ആരോഗ്യത്തെ പലരീതിയിലും ദോഷകരമായി ബാധിക്കാം. മാനസികാരോഗ്യത്തെ പോലും വയറിന് വലിയ രീതിയില്‍ സ്വാധീനിക്കാൻ കഴിയുമെന്നതാണ് സത്യം.

Advertisment

publive-image

ഒന്ന്...

എല്ലാ വീടുകളിലും ദിവസവും ഉപയോഗിക്കുന്നൊരു ചേരുവയാണ് വെളുത്തുള്ളി. ധാരാളം ഔഷധഗുണങ്ങള്‍ ഇതിനുണ്ട്. വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും വെളുത്തുള്ളി ഏറെ സഹായകം തന്നെ. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അലിസിൻ, സെലീനിയം, ഫോസ്ഫറസ്, കാത്സ്യം, സിങ്ക്, ക്രോമിയം, മഗ്നീഷ്യം, പൊട്ടാസ്യം, വൈറ്റമിൻ-സി, വൈറ്റമിൻ - ബി കോംപ്ലക്സ് എന്നിവയെല്ലാം വയറിന് ഗുണകരമായി വരുന്നു.

രണ്ട്...

ഇലക്കറികള്‍ കഴിച്ചാല്‍ അത് ആരോഗ്യത്തിന് നല്ലതാണെന്ന് പറയുന്നത് കേട്ടിട്ടില്ലേ? ശരിയാണ് ഇലക്കറികള്‍ക്ക് പല ആരോഗ്യഗുണങ്ങളുമുണ്ട്. ഇക്കൂട്ടത്തിലൊന്നാണ് വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തല്‍. വൈറ്റമിൻ-സി,കെ,ബി കോംപ്ലക്സ്, ഫോളിക്സ ആസിഡ്, ബീറ്റ കെരോട്ടിൻ, അയേണ്‍, അയൊഡിൻ, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, സള്‍ഫര്‍, ക്ലോറോഫൈല്‍ എന്നിങ്ങനെ ഇലക്കറികളില്‍ അടങ്ങയിട്ടുള്ള പല ഘടകങ്ങളും ഇതിനായി സഹായിക്കുന്നു. ഐബിസ്- ക്രോണ്‍സ് ഡിസീസ് പോലുള്ള വയറിനെ ബാധിക്കുന്ന ജീവിതശൈലീരോഗങ്ങള്‍ക്ക് ശമനം നല്‍കാനും ഇവയ്ക്ക് കഴിയും.

മൂന്ന്...

ഒരുപാട് ഔഷധഗുണമുള്ള, വൈറ്റമിൻ -സിയുടെ ഏറ്റവും നല്ല സ്രോതസായ ഒന്നാണ് ചെറുനാരങ്ങ. ഇതും വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നൊരു വിഭവം തന്നെ. ഫൈബര്‍, വൈറ്റമിൻ-സി, പൊട്ടാസ്യം, കാത്സ്യം എന്നിങ്ങനെയുള്ള ഘടകങ്ങളാണ് ചെറുനാരങ്ങയെ സമ്പന്നമാക്കുന്നത്. രാവിലെ ഉറക്കമുണര്‍ന്നയുടൻ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്ത് കഴിക്കുന്നതാണ് ഏറ്റവും ഉചിതം.

നാല്...

ഡയറ്റില്‍ ധാന്യങ്ങള്‍ നല്ലതുപോലെ ഉള്‍പ്പെടുത്തുന്നതും വയറിന് നല്ലതാണ്. ഇന്ന് മിക്കവരും ധാന്യങ്ങള്‍ പൊടിച്ച് പ്രോസസ് ചെയ്ത് വരുന്ന പൊടികളാണ് പലഹാരമുണ്ടാക്കുന്നതിനായി അധികവും ഉപയോഗിക്കാറ്. ഇത്തരത്തില്‍ പ്രോസസ് ചെയ്ത് പാക്കറ്റില്‍ വരുന്ന പൊടികള്‍ക്ക് അത്ര ഗുണമുണ്ടായിരിക്കില്ല. അതിനാലാണ് ധാന്യങ്ങള്‍ അങ്ങനെ തന്നെ ഡയറ്റിലുള്‍പ്പെടുത്താൻ ശ്രമിക്കണമെന്ന് പറയുന്നത്.

അഞ്ച്...

വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകളെ കൂട്ടുന്നതിനായി കഴിക്കേണ്ട മറ്റൊന്നാണ് കട്ടത്തൈര്. ഇത് പരമാവധി വീട്ടില്‍ തന്നെ തയ്യാറാക്കി കഴിക്കാൻ ശ്രമിക്കുക.

ആറ്...

പഴങ്ങളില്‍ തന്നെ ധാരാളം ആരാധകരുള്ള ഒന്നാണ് പേരക്ക. പേരക്ക കഴിക്കുന്നതും വയറിന് ഏറെ നല്ലതാണ്. എന്നാല്‍ പലരും പേരക്ക വയറിന് അത്ര നല്ലതല്ല എന്ന സങ്കല്‍പത്തിലാണ് തുടരുന്നത്. ഇത് അമിതമായി കഴിക്കുന്നത് കൊണ്ടുള്ള ദഹനപ്രശ്നങ്ങളെയാകാം സൂചിപ്പിക്കുന്നത്. എന്തായാലും മിതമായ അളവില്‍ പേരക്ക കഴിക്കുന്നത് വയറിന് ഗുണകരമായേ വരൂ. വൈറ്റമിനുകളുടെയും വയറിന് ഏറെ ആവശ്യമായ ഫൈബറിന്‍റെയും നല്ലൊരു സ്രോതസാണ് പേരക്ക. അതിനാലാണ് ഇവ കഴിക്കണമെന്ന് പറയുന്നത്. പേരക്കയുടെ കുരുവും കളയണമെന്നില്ല. കഴിക്കുമ്പോള്‍ ഇതും കഴിക്കാവുന്നതാണ്.

Advertisment