ഓക്കാനവും വയറുവേദനയും ഒപ്പം വിശപ്പില്ലായ്മയും; തീര്‍ച്ചയായും പരിശോധിക്കുക...

New Update

റ്റവുമധികം പേര്‍ പതിവായി പരാതിപ്പെടുന്ന ആരോഗ്യപ്രശ്നങ്ങള്‍ തീര്‍ച്ചയായും ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്. ദഹനമില്ലായ്മ, ഗ്യാസ്ട്രബിള്‍, മലബന്ധം, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ (അസിഡിറ്റി), ഓക്കാനം, വയറുവേദന എന്നിങ്ങനെ ഒരുപിടി പ്രശ്നങ്ങള്‍ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട് അനുഭവപ്പെടാം. മിക്കവാറും സാഹചര്യങ്ങളില്‍ ഇവ താല്‍ക്കാലികമായ പ്രയാസങ്ങള്‍ മാത്രമായിരിക്കാം. ഭക്ഷണം, ഉറക്കം, വിശ്രമം, സ്ട്രെസ് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ തന്നെ പരിഹരിക്കാവുന്ന വിധത്തിലുള്ള ചെറിയ പ്രശ്നങ്ങള്‍. എന്നാല്‍ ഇടയ്ക്കിടെ ഇത്തരം പ്രശ്നങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തുന്നതാണ് ഉചിതം.

Advertisment

publive-image

അള്‍സര്‍, ഐബിഎസ്, ഐബിഡി എന്നിങ്ങനെയുള്ള ദഹനവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങള്‍ മുതല്‍ ക്യാൻസര്‍, ഫാറ്റി ലിവര്‍ പോലുള്ള ഗുരുതരമായ രോഗങ്ങളുടെ വരെ ലക്ഷണമായി ഇത്തരം പ്രയാസങ്ങള്‍ നേരിടാം.

ഇവയില്‍ ഫാറ്റി ലിവറിനെ കുറിച്ചാണിനി വിശദീകരിക്കുന്നത്. കരളില്‍ അസാധാരണമാം വിധം കൊഴുപ്പടിഞ്ഞ് കരളിന്‍റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. ഇത് ശ്രദ്ധിക്കാതെ പോയാല്‍ പില്‍ക്കാലത്ത് കരള്‍ പ്രവര്‍ത്തനരഹിതമാവുകയോ, ക്യാൻസര്‍ പോലുള്ള രോഗാവസ്ഥയോ എല്ലാമുണ്ടാകാം. പലപ്പോഴും ഫാറ്റി ലിവറിന് ആദ്യഘട്ടത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാകില്ല എന്നതാണ് വലിയൊരു വെല്ലുവിളി. എങ്കില്‍പ്പോലും നേരത്തെ പറഞ്ഞത് പോലുള്ള ബുദ്ധിമുട്ടുകള്‍ ഫാറ്റി ലിവര്‍ രോഗികളില്‍ കാണാറുണ്ട്.

ഇടവിട്ട് ഓക്കാനം, വിശപ്പില്ലായ്മ, ഇതുമൂലം വണ്ണം വല്ലാതെ കുറഞ്ഞുവരല്‍, വയറുവേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് ഫാറ്റി ലിവറുള്ളവരില്‍ കാണപ്പെടുക.

ഇവയ്ക്ക് പുറമെ ചര്‍മ്മം വിളര്‍ത്ത് മഞ്ഞനിറമായി മാറുക, തളര്‍ച്ച, ജോലികളേതും ചെയ്യാനാകാത്ത വിധത്തിലുള്ള ക്ഷീണം, വയര്‍ വീര്‍ത്തുവരിക, കാലില്‍ നീര്, ഛര്‍ദ്ദി എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് കാണുന്നതെങ്കില്‍ തീര്‍ച്ചയായും വൈകാതെ തന്നെ ആശുപത്രിയിലെത്തുക. കാരണം ഇവയെ ഒന്നും നിസാരവത്കരിക്കാൻ സാധിക്കില്ല. ഇവയെല്ലാം തന്നെ ഫാറ്റി ലിവര്‍ രോഗത്തിന്‍റെ അടുത്ത ഘട്ടത്തിലെ ലക്ഷണങ്ങളാണ്.

കൊളസ്ട്രോളുള്ളവര്‍, അമിതവണ്ണമുള്ളവര്‍, സ്ലീപ് അപ്നിയ- പ്രമേഹം- പിസിഒഎസ്- തൈറോയ്ഡ് പ്രശ്നങ്ങളുള്ളവര്‍ എന്നിവരിലാണ് ഫാറ്റി ലിവര്‍ സാധ്യത കൂടുതലും കണ്ടുവരുന്നത്. അതിനാല്‍ ഇക്കൂട്ടര്‍ കുറെക്കൂടി ജാഗ്രത ഈ വിഷയത്തില്‍ പുലര്‍ത്തുക.

ആരോഗ്യകരമായ ഭക്ഷണം സമയത്തിന് കഴിക്കുന്നതിലൂടെയും, അനാരോഗ്യകരമായ ഭക്ഷണങ്ങളില്‍ നിന്ന് അകറ്റിനില്‍ക്കുന്നതിലൂടെയും, കൃത്യമായ സമയം ഉറക്കത്തിനും വിശ്രമത്തിനും അല്‍പം വ്യായാമത്തിനും മാറ്റിവയ്ക്കുന്നതിലൂടെയുമെല്ലാം ഫാറ്റി ലിവര്‍ രോഗത്തെ ഒരളവ് വരെ പ്രതിരോധിക്കാം. എന്നാല്‍ മദ്യപിക്കുന്ന ശീലമുള്ളവരാണെങ്കില്‍ അവരില്‍ ഉറപ്പായും കരള്‍ രോഗ സാധ്യത കൂടുതലായിരിക്കുമെന്നും മനസിലാക്കുക.

Advertisment