ചര്‍മ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന തരം അസുഖങ്ങളും ചര്‍മ്മത്തെ നേരിട്ട് തന്നെ ബാധിക്കുന്ന അസുഖങ്ങളുമുണ്ട്. ഇക്കൂട്ടത്തില്‍ പ്രത്യക്ഷമായി ചര്‍മ്മത്തെ ബാധിക്കുന്ന രോഗങ്ങള്‍ വലിയ തോതില്‍ രോഗിയില്‍ മാനസിക പ്രയാസങ്ങളും സൃഷ്ടിക്കാറുണ്ട്.അത്തരത്തിലൊരു രോഗമാണ് സോറിയാസിസ്. സോറിയാസിസിനെ കുറിച്ച് മിക്കവരും നേരത്തെ തന്നെ കേട്ടിരിക്കാൻ സാധ്യതയുണ്ട്. ചര്‍മ്മത്തിലുണ്ടാകുന്ന ചൊറിച്ചിലും പൊട്ടലും എന്ന രീതിയില്‍ ലളിതമായി ആയിരിക്കാം മിക്കവരും ഇതിനെ മനസിലാക്കുന്നത്. അതോടൊപ്പം തന്നെ വ്യക്തിശുചിത്വമില്ലാത്തവരില്‍ വരുന്ന രോഗമെന്ന ധാരണയും ഇതിനോട് പലര്‍ക്കുമുണ്ട്.
എന്നാല്‍ സോറിയാസിസും വ്യക്തിശുചിത്വവും തമ്മില്‍ ബന്ധപ്പെടുത്തേണ്ട കാര്യമില്ല. ഇത് ജനിതകമായി വരുന്നൊരു രോഗമാണ്. അധികവും പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്ന രോഗമെന്ന് സാരം. എന്നാല്‍ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇതുണ്ടെങ്കില്‍ എല്ലാവരിലും വരാമെന്നും ഉറപ്പിക്കരുത്. സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും ഏത് പ്രായക്കാരെയും ഏത് തരം ചര്‍മ്മമുള്ളവരെയും ഇത് ബാധിക്കാം. പൂര്‍ണമായി ഭേദപ്പെടുത്താൻ ഒരിക്കലും സാധിക്കാത്ത രോഗമാണിത്. അതേസമയം ഇന്ന് ഫലപ്രദമായി ഇതിന് ചികിത്സ നേടാൻ സാധിക്കും.
സമയത്തിന് തന്നെ രോഗം മനസിലാക്കാൻ സാധിച്ചാല്‍ ഇത്തരത്തില്‍ ഫലപ്രദമായി ചികിത്സ തേടാവുന്നതും സാധാരണജീവിതം നയിക്കാവുന്നതുമാണ്. ഇതിന് രോഗലക്ഷണങ്ങള്‍ ആദ്യം മനസിലാക്കേണ്ടതുണ്ട്.
1. സ്കിൻ പുതുതായി വരാതെ പല ലെയറുകളായി കട്ടിയായി വരുന്നത്. തൊലി അടര്‍ന്നുനില്‍ക്കുന്നത് കാണാം. എന്നാല്‍ ഇളകിപ്പോവുകയുമില്ല.
2. തൊലി വല്ലാതെ വരണ്ടുപോവുകയും ഇതിനിടയില്‍ വിള്ളല്‍ വന്ന് രക്തം വരികയും ചെയ്യുന്നത്.
3. തൊലിപ്പുറത്ത് പൊള്ളുന്നത് പോലുള്ള അനുഭവം, ചൊറിച്ചില്‍, വേദന എന്നിവ അനുഭവപ്പെടുന്നത്.
4. തൊലിപ്പുറത്ത് അസാധാരണമായി നിറവ്യത്യാസം കാണുന്നത്.
5. സന്ധികളില്‍ വീക്കമോ വേദനയോ അനുഭവപ്പെടുന്നത്.
6. നഖങ്ങളില്‍ വിള്ളലോ പൊട്ടലോ തുടര്‍ച്ചയായി ഉണ്ടാകുന്നത്.
സോറിയാസിസിന്‍റെ പഴക്കം അനുസരിച്ചാണ് ഇതിനുള്ള ചികിത്സ നിശ്ചയിക്കുന്നത്. പല തരത്തിലുള്ള മരുന്നുകളും ഇതിന് രോഗികള്‍ക്ക് നല്‍കിവരാറുണ്ട്. അതുപോലെ ലോഷനുകള്‍, ക്രീമുകള്‍, ഇൻജെക്ഷനുകള്‍ എല്ലാം സോറിയാസിസ് ചികിത്സയുടെ ഭാഗമായി വരാം. വൃത്തിയായി ചര്‍മ്മം സൂക്ഷിച്ച് ചികിത്സ മുടക്കം വരാതെ തുടരേണ്ടത് ഇതില്‍ അത്യാവശ്യമാണ്.