ലൈംഗിക ബന്ധങ്ങളിലേർപ്പെടുമ്പോൾ അനുഭവപ്പെടുന്ന ഉദ്ധാരണക്കുറവ് നിസ്സാരമായി കാണരുത്. ചിലപ്പോൾ ചില ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമാകാം. ദമ്പതികൾക്കിടയിലെ ലൈംഗിക ബന്ധത്തെ സാരമായി ബാധിക്കുന്ന ഈ അവസ്ഥ ചികിത്സിച്ച് ഭേദമാക്കേണ്ടത് അത്യാവശ്യമാണ്. ജീവിതശൈലിയിലെ ചില മാറ്റങ്ങളിലൂടെയും ഉദ്ധാരണക്കുറവിന് പരിഹാരം കാണാൻ സാധിക്കും; അവ എന്തെല്ലാമെന്ന് നോക്കാം..
ശാരീരിക അധ്വാനത്തിലൂടെ ആരോഗ്യമുള്ള ഒരു ശരീരത്തെയും മനസ്സിനെയും രൂപപ്പെടുത്തിയെടുക്കാൻ സാധിക്കും. ദിവസവും 40 മിനിറ്റ് എയറോബിക് എക്‌സർസൈസ് ചെയ്തു നോക്കുക. ഒരു ആറ് മാസത്തോളം ഇത് തുടരണം. ഉദ്ധാരണക്കുറവ് മൂലമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഈ വ്യായാമം സഹായിക്കും.
സമീകൃതാഹാരം ആണ് ഉദ്ധാരണക്കുറവിനുള്ള മറ്റൊരു പോംവഴി. പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, നട്‌സ്, വിത്തുകൾ എന്നിവ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇവ നിങ്ങളിലെ ഉദ്ധാരണക്കുറവ് പരിഹരിക്കാൻ സഹായിക്കും.
നല്ല ഉറക്കം ഇല്ലെങ്കിൽ അത് നിങ്ങളിലെ ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ അളവുകളിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കും. ഉറക്കക്കുറവ് അനുഭവിക്കുന്ന പുരുഷൻമാരിൽ ഉദ്ധാരണക്കുറവ് സാധാരണമായി കാണുന്നുവെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.