വായ ശുചിയായി കാത്തുസൂക്ഷിക്കാൻ സാധിക്കാത്തത് മൂലമാണ് അധികവും പല്ലിനെയും മോണയെയോ ബാധിക്കുന്ന രോഗങ്ങള്‍ പിടിപെടുന്നത്. അതിനാല്‍ തന്നെ ആദ്യം പ്രാധാന്യം നല്‍കേണ്ടത് വായ ശുചിയായി സൂക്ഷിക്കുന്നതിനാണ്. ചില കാര്യങ്ങള്‍ പതിവായി ചെയ്താല്‍ ഈ പ്രശ്നങ്ങളൊഴിവാക്കാവുന്നതേയുള്ളൂ. ഇതില്‍ ഏറ്റവും പ്രധാനമാണ് രണ്ട് നേരം ബ്രഷ് ചെയ്യുകയെന്നത്. രാവിലെ ഉറക്കമുണര്‍ന്നയുടനും രാത്രി കിടക്കാൻ പോകും മുമ്പുമാണ് ബ്രഷ് ചെയ്യേണ്ടത്. പലര്‍ക്കും രണ്ട് നേരം ബ്രഷ് ചെയ്യാൻ മടിയാണെന്നതാണ് സത്യം. എന്നാല്‍ രണ്ട് നേരം ബ്രഷ് ചെയ്യേണ്ടത് നിര്‍ബന്ധമാണ്.
ബ്രഷ് ചെയ്താലും അധികപേരും ചെയ്യാത്ത മറ്റൊന്നാണ് ഫ്ളോസിംഗ്. പല്ലുകളുടെ ഇടയ്ക്കുള്ള ഭാഗം വൃത്തിയാക്കുന്നതിനെയാണ് ഫ്ളോസിംഗ് എന്ന് പറയുന്നത്. ഇത് നൂലുപയോഗിച്ചും ഇതിനായുള്ള പ്രത്യേക ഉപകരണങ്ങളുപയോഗിച്ചുമെല്ലാം ചെയ്യാവുന്നതാണ്. ഭക്ഷണാവശിഷ്ടങ്ങള്‍ ഇരുന്ന് ബാക്ടീരിയകള്‍ പല്ലുകള്‍ക്ക് ഇടയില്‍ അടിഞ്ഞുകൂടുന്നത് ഒഴിവാക്കാനാണ് ഫ്ളോസിംഗ് ചെയ്യുന്നത്. പല്ലുകളെയും മോണയെയും ബാധിക്കുന്ന വിവിധ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ഫ്ളോസിംഗ് ശീലമാക്കുക.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഭക്ഷണപാനീയങ്ങള്‍ കഴിച്ചുകഴിഞ്ഞാല്‍ വായ കഴുകണമെന്നതാണ്. പലരും ചായയോ പാലോ ജ്യൂസോ പോലുള്ള പാനീയങ്ങള്‍ കഴിച്ച ശേഷം വായ കഴുകാറില്ല. സ്നാക്സ് കഴിച്ചാല്‍ പോലും വായ കഴുകുന്ന ശീലം പലര്‍ക്കുമില്ല. എന്നാലീ ശീലം അത്ര നല്ലതല്ല. കാരണം ഭക്ഷണാവശിഷ്ടങ്ങള്‍ വായ്ക്കകത്ത് തന്നെയിരിക്കുമ്പോള്‍ വായിലെ പിഎച്ച് നില മാറുന്നു. പിഎച്ച് നില നോര്‍മലായില്ലെങ്കില്‍ അത് വായയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുക മാത്രമല്ല, വായ്നാറ്റത്തിനും കാരണമാകാറുണ്ട്.
ദീര്‍ഘനേരം മിണ്ടാതിരുന്ന് ജോലി ചെയ്യുന്നവരിലും ഇതുപോലെ വായ്ക്കകത്തെ പിഎച്ച് നില മാറി വായ്നാറ്റമുണ്ടാകാറുണ്ട്. ഇത്തരക്കാര്‍ക്ക് പതിവായി മൗത്ത് വാഷ് ഉപയോഗിക്കാവുന്നതാണ്. ഭക്ഷണശേഷം മൗത്ത് വാഷ് കൊണ്ട് വായ കഴുകി വൃത്തിയാക്കിയാല്‍ മതിയാകും. ഇങ്ങനെ പ്രാഥമികമായ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താൻ സാധിച്ചാല്‍ തന്നെ പല്ലുകളെയും മോണയെയും ബാധിക്കുന്ന പല അസുഖങ്ങളില്‍ നിന്നും രക്ഷ നേടാം.