പപ്പായയുടെ ആരോഗ്യ സൗന്ദര്യ ഗുണങ്ങളെ കുറിച്ച് ഏവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ പപ്പായയുടെ കുരുക്കൾ ശരീരത്തിന് എത്രത്തോളം ഗുണകരമാണെന്ന് മിക്കവർക്കും അറിയാൻ വഴിയില്ല. ഇതിനാൽ തന്നെ പപ്പായയുടെ കുരു വെറുതെ കളയാറാണ് പതിവ്. എന്നാൽ പപ്പായ പഴം പോലെ തന്നെ ഇതിന്റെ കുരുക്കളും ഏറെ ആരോഗ്യ ഗുണങ്ങളുള്ളതാണ്. കുരുക്കൾക്ക് ചെറിയ ചവർപ്പുള്ളതിനാൽ തന്നെ മിക്കവർക്കും ഇതിന്റെ ടേസ്റ്റ് ഇഷ്മാവാനും വഴിയില്ല. അത്തരക്കാർക്ക് കുരു ഉണക്കി കഴിക്കാവുന്നതാണ്, ഇത് പൊടിച്ച് ആഹാരത്തിൽ ചേർത്താലും മതിയാവും.
പ്രോട്ടീൻ, വിറ്റാമിനുകൾ, സിങ്ക്, ഫോസ്ഫറസ്, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, തുടങ്ങിയ ശരീരത്തിന് ആവശ്യമുള്ള ധാതുക്കളുടെ കലവറയാണ് പപ്പായയുടെ കുരുവിൽ അടങ്ങിയിട്ടുള്ളത്. ആന്റിഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. പപ്പായയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റായ പോളിഫെനോൾ ക്യാൻസർ വരാനുള്ള സാദ്ധ്യതയെ ചെറുക്കാൻ ശേഷിയുള്ളതാണ്.
പപ്പായ വിത്തിലുള്ള കാർപൈൻ എന്ന പദാർത്ഥം കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. കുടലിലെ വിരകളെ ഇല്ലാതാക്കുകയും ദഹനവ്യവസ്ഥയെ ആരോഗ്യകരമാക്കുകയും ചെയ്യുന്നു. മലബന്ധം ഒഴിവാക്കാനും ഇത് പ്രയോജനകരമാണ്.
പപ്പായ കുരുവിൽ ഉയർന്ന ഫൈബറുകളുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു, ഇതിനൊപ്പം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. കുരുവിലെ വിറ്റാമിനുകളും ധാതുക്കളും അണുബാധകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു.